ഭുവനേശ്വര്‍- ഒഡീഷയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ ദുരന്തം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും 28 യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. ഇതില്‍ പലരുടേയും മൃതദേഹങ്ങള്‍ക്കായി ആരും എത്തിയതുമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭുവനേശ്വര്‍ എയിംസിലെ പ്രത്യേക ഫ്രീസറുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കൂടുതല്‍ സമയം സൂക്ഷിക്കാന്‍ കഴിയുമെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ദിലീപ് പരിദ പറഞ്ഞു. 'ഇത്രയും ദിവസമായി ആരും എത്താത്തതിനാല്‍ കൂടുതല്‍ അവകാശികള്‍ മുന്നോട്ട് വരില്ലെന്ന് ഞങ്ങള്‍ കരുതുന്നു- പരിദ പറഞ്ഞു.
കേസ് ഏറ്റെടുത്തതിനാല്‍ ഉന്നത അധികാരികളുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മൃതദേഹങ്ങള്‍ സി.ബി.ഐക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭുവനേശ്വറിലെ എയിംസില്‍ രണ്ട് ഘട്ടങ്ങളിലായി 162 മൃതദേഹങ്ങള്‍ ലഭിച്ചു. ഇതില്‍ 28 മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തതിനാല്‍ അവകാശവാദം ഉന്നയിക്കാന്‍ ആരും എത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.