Sorry, you need to enable JavaScript to visit this website.

കേരളത്തിന് 6.88 രൂപക്ക് വൈദ്യുതി നല്‍കാന്‍ രണ്ട് കമ്പനികള്‍

തിരുവനന്തപുരം - കെ.എസ്.ഇ.ബിയുടെ ടെണ്ടറില്‍ പങ്കെടുത്ത രണ്ട് കമ്പനികളും മുന്നോട്ട് വച്ച തുക കുറച്ച് യൂണിറ്റിന് 6.88 രൂപക്ക് വൈദ്യുതി നല്‍കും. കെ.എസ്.ഇ.ബി അധികൃതരുമായുള്ള ചര്‍ച്ചയിലാണ് അദാനി പവര്‍ കമ്പനിയുടെയും ഡി ബി പവര്‍ കമ്പനിയുടെയും വാഗ്ദാനം. അദാനി 303 മെഗാവാട്ട് വൈദ്യുതിയും ഡി ബി പവര്‍ 100 മെഗാവാട്ട് വൈദ്യുതിയും നല്‍കാമെന്ന് അറിയിച്ചു. അന്തിമ അനുമതിക്കായി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിക്കും.

500 മെഗാവാട്ട് അഞ്ച് വര്‍ഷത്തേക്ക് വാങ്ങാനുള്ള ടെന്‍ഡര്‍ ഇന്ന് രാവിലെ തുറന്നപ്പോള്‍ രണ്ട് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. അദാനി പവര്‍ 6.90 രൂപയും ഡി ബി 6.97 രൂപയുമാണ് മുന്നോട്ട് വച്ചത്. റിവേഴ്‌സ് ബിഡ് ചര്‍ച്ചയില്‍ കെ.എസ്. ഇ.ബി ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് കമ്പനികളും 6.88 ആയി നിരക്ക് കുറച്ചത്.

നിലവില്‍ ശരാശരി ഒമ്പത് രൂപ നിരക്കിലാണ് പ്രതിസന്ധി തീര്‍ക്കാന്‍ പ്രതിദിന പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ മേയില്‍ റദ്ദാക്കിയതാണ് പ്രതിസന്ധിയിലാക്കിയത്. റദ്ദാക്കിയ കരാറിനെ അപേക്ഷിച്ച് പുതിയ തുക വളരെ കൂടുതലാണ്.

 

Latest News