തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് പുതിയ തലമുറ കൃഷിയിലേക്ക് കടന്നു വരിക എന്നായിരുന്നു കളമശ്ശേരിയിൽ ആഘോഷപൂർവം നടന്ന കാർഷികോത്സവം ഉദ്ഘാടന ചടങ്ങിൽ ജയസൂര്യ ചോദിച്ചത്. അധ്വാനിച്ചുണ്ടാക്കിയ നെല്ലളന്ന് നൽകിയതിന്റെ കാശ് കിട്ടാതെ കർഷകർ പട്ടിണി സമരം നടത്തിയതൊക്കെ വേദിയിൽ പറയുന്നത് കേട്ടപ്പോൾ അവിടെയിരുന്ന മന്ത്രിമാർക്കൊക്കെ വല്ലാതെ നൊന്തുപോയി. അതാണ് സൈബർ സഖാക്കൾക്കൊപ്പം പാർട്ടിക്കാരും ജയസൂര്യ വധം ആട്ടക്കഥക്കിറങ്ങിയത്.
സിനിമ നടൻ ജയസൂര്യക്കെതിരെ ഓഗസ്റ്റ് 31 ന് സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി
ടി.ടി. ജിസ്‌മോൻ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനം പരമ്പരാ ഗത സി.പി.ഐ രീതിയിലുള്ളതായിരുന്നില്ല. ജയസൂര്യേ ..ഞങ്ങളുടെ മന്ത്രിയോട് കളിച്ചാലുണ്ടല്ലോ, കാണിച്ചുതരും.. എന്ന മട്ടും ഭാവവും. ജിസ്‌മോന്റെ വാക്കുകൾ ഏതാണ്ട് ഇങ്ങനെയായിരുന്നു- നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ വിവാദ പ്രസംഗം ബോധപൂർവം സൃഷ്ടിച്ച അജണ്ടയുടെ ഭാഗമാണ്. തുടർച്ചയായി ജ സൂര്യയുടെ ചിത്രങ്ങൾ പരാജയപ്പെടുന്നതിന്റെ ജാള്യം മറക്കാനാണിതൊക്കെ....ജയസൂര്യ നടത്തിയ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അന്വേഷിക്കണം... അവസാന വരികളിലാണ് പുതിയ കാലത്തിന്റെ രീതി പുതുകാല സി.പി.ഐക്കാരനും എടുത്തു വീശുന്നത്- ഞങ്ങളെ വിമർശിച്ചാൽ പോലീസിനെ വിട്ട് പിടിപ്പിക്കുമെന്ന്. അധികാരത്തിലുള്ളവർക്കെതിരെ ഒരക്ഷരം ഉരിയാടിപ്പോകരുതെന്ന് സിനിമ - സാഹിത്യ - കലാരംഗത്തുള്ളവർക്കുള്ള ഭീഷണി. ഒരു കാര്യം ഉറപ്പാണ്. പേടിച്ചിട്ടു തന്നെയാണ് ആരും ഒന്നും മിണ്ടാത്തത്. പേടി തോന്നുന്നു എന്ന് ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പറഞ്ഞ പ്രൊഫ. കൽപറ്റ നാരായണൻ അന്നും ഇപ്പോഴും പദവികളൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പേടിയുമുണ്ടായിരുന്നില്ല. പേടിയില്ലാത്തവർ ഇനിയുമുണ്ടെന്ന് സിനിമ രംഗത്ത് നിന്ന് ജയസൂര്യക്ക് പിന്തുണയുമായെത്തിയ ജോയ് മാത്യു ആദ്യം തെളിയിച്ചു. ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ- മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുഛമടക്കി തൊഴുതു താണു വണങ്ങി നിൽക്കുന്ന കല - സാഹിത്യകാരന്മാരാണെങ്ങും. ഇപ്പോഴും രാജ വാഴ്ചയാണെന്നും തമ്പ്രാനെ മുതുകു കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്നും കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.....ജോയ് മാത്യുവിന്റെ വാക്കുകളും അതിലെ ധ്വനിയുമെല്ലാം കഠിന പ്രഹര ശേഷിയുള്ളതാണ്. ശനിയാഴ്ച ആലപ്പുഴയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകനും വിഷയം കുതിര ശക്തിയോടെ ഏറ്റുപിടിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നെൽകർഷകരുമായി വിഷയം സംസാരിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. നടൻ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമില്ല. ജയസൂര്യക്കെതിരെ സൈബർ പോരാളികൾ നടത്തുന്ന യുദ്ധം ഭീകരമാണ്. യാഥാർഥ്യം തുറന്ന് പറഞ്ഞാൽ ക്രൂശിക്കുന്നത് ഗുണ്ടാരാഷ്ട്രീയത്തിന്റെ മുഖ മുദ്രയാണ്. ഇടതുപക്ഷവും പിണറായി വിജയനും അതാണ് നടത്തുന്നത്. വിഷയത്തിൽ കലാകാരന്മാർ ഇടപെടേണ്ടെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. കർഷകർക്കൊപ്പമുള്ള സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് ഉറപ്പ് നൽകുന്നുണ്ട്.
തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് പുതിയ തലമുറ കൃഷിയിലേക്ക് കടന്നു വരിക എന്നായിരുന്നു കളമശ്ശേരിയിൽ ആഘോഷപൂർവം നടന്ന കാർഷികോത്സവം ഉദ്ഘാടന ചടങ്ങിൽ ജയസൂര്യ ചോദിച്ചത്. അധ്വാനിച്ചുണ്ടാക്കിയ നെല്ലളന്ന് നൽകിയതിന്റെ കാശ് കിട്ടാതെ കർഷകർ പട്ടിണി സമരം നടത്തിയതൊക്കെ വേദിയിൽ പറയുന്നത് കേട്ടപ്പോൾ അവിടെയിരുന്ന മന്ത്രിമാർക്കൊക്കെ വല്ലാതെ നൊന്തുപോയി. അതാണ് സൈബർ സഖാക്കൾക്കൊപ്പം പാർട്ടിക്കാരും ജയസൂര്യ വധം ആട്ടക്കഥക്കിറങ്ങിയത്. നെല്ലിന്റെ സംഭരണ വിലയിൽ 40 കോടി രൂപ ഇന്ന് നൽകാനാകുമെന്ന് എസ്.ബി.ഐ അറിയിച്ചതായി മന്ത്രി ജി.ആർ. അനിൽ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. കിട്ടുമോ എന്നാർക്കറിയാം. 218 കോടിയോളം രൂപ നെൽകർഷകർക്ക് നൽകാനുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന കണക്ക്.
നെൽകർഷകർ മാത്രമല്ല നാളികേര കർഷരും സമാന സാഹചര്യത്തിലാണുള്ളത്. താങ്ങുവിലക്ക് നാളികേരം സംഭരിക്കാനുള്ള സംവിധാനം പര്യപ്തമല്ല. ആകെ നാളികേര കർഷകരിൽ എത്രയോ അധികം പേർ സംഭരണ സംവിധാനത്തന് പുറത്താണ്. ആകെ 129 നാളികേര സംഭരണ കേന്ദ്രങ്ങളാണുള്ളത്. താങ്ങുവിലക്ക് നാളികേരം നൽകിയ കർഷകർക്ക് 20 കോടിക്കടുത്ത് രൂപ ഇനിയും കൊടുത്തു തീർക്കാനുണ്ട്. റബർ കർഷകരുടെ അവസ്ഥയും ഇതു തന്നെ. സംഭരണ വില ഇനത്തിൽ അവർക്കുമുണ്ട് വലിയ തുക കൊടുത്തു തീർക്കാൻ. ഇതറിയാവുന്നതുകൊണ്ടാണ് റബർ വിലക്ക് രാഷ്ട്രീയ വിലയുള്ള പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആ വിഷയം കൗശലപൂർവം പരാമർശിച്ചത്- റബർ വിലയിടിവിന് കാരണക്കാർ ആസിയാൻ കരാറണ്ടാക്കിയവരാണെന്ന്. എന്തിനും ഒരു കാരണക്കാരനെ കണ്ടെത്തി രക്ഷപ്പെടാൻ അണ്ണാനെ മരംകയറ്റം എന്ന പോലെ തന്ത്രശാലികളായ രാഷ്ട്രീയക്കാരെയും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇടയിൽപെട്ട് ഇടംതേടി പിടയുന്നത് പാവം കർഷകരും സമാന തിരസ്‌കൃത വിഭാഗങ്ങളും മാത്രം. ജയ സൂര്യയെപ്പോലുള്ളവരുടെ ഇടപെടൽ അനിവാര്യമാകുന്നതിവിടെയാണ്. ജനങ്ങളിൽ നിന്നും സഹജീവികളിൽ നിന്നും ജയസൂര്യമാർ പിന്തുണ അർഹിക്കുന്നു.






