ചന്ദ്രയാനവും സദ്യയും

ചേർത്തല ദേശക്കാരാണ് വയലാറും സോമനാഥും. ഒന്നാമൻ 'തങ്കത്താഴികക്കുടമല്ല, താരാപഥത്തിലെ രഥമല്ല എന്നു എഴുതിവെച്ചു. അപരൻ നേതൃത്വം നൽകിയ ചന്ദ്രയാൻ മൂന്നാമൻ മുകളിൽ ചെന്നു ചന്ദ്രന്റെ ദക്ഷിണ ഭാഗത്തു കാൽവെച്ചു, ലാൻഡർ ഉരുട്ടിക്കളിച്ചു. പ്രദേശം സ്വന്തമാക്കി പട്ടയം കിട്ടാൻ ആരുടെ പേർക്ക് അപേക്ഷിക്കണമെന്ന വിവരം ലഭിച്ചാൽ അതിനുള്ള നടപടിയും തുടങ്ങാം. മുകലിൽ ആർക്കാണ് അതിലേക്കു 'കൈക്കൂലി' കൊടുക്കേണ്ടതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഒരു ആധാരം 'തണ്ടപ്പേര്' പതിച്ചു കിട്ടാൻ പതിനാറു കൊല്ലം നടന്നു മടുത്തിട്ടു ഒരുവൻ വെള്ളറട ദേശത്ത് വില്ലേേജാഫീസിനു തീയിട്ട സംഭവം 'മുകളിലിരിക്കുന്ന' കക്ഷിക്ക് അറിയുമോ ആവോ!
ഏതായാലും ലാൻഡറിന്റെ കാലുകുത്തൽ പരിപാടിയിലും 'റോവറി'ന്റെ ഫോട്ടോ എടുപ്പു യത്‌നത്തിലും ഏറെ സന്തോഷിപ്പിച്ചത് കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാർട്ടികൾ തന്നെ. ഇനിയൊരു ദിനം റോവറിനു പകരം മനുഷ്യനെ കയറ്റി അയക്കാൻ മടിക്കില്ല. പലരുടെയും ശല്യം അത്രക്കു സഹിക്കാൻ വയ്യാതെ ആയിട്ടുണ്ട്. ശശി തരൂർജി കുറച്ചുകാലമായി ഇവിടേക്ക് ദൃഷ്ടികോൺ പതിപ്പിച്ചുകൊണ്ടു ദില്ലി കോണിലും യൂറോപ്പിലും യു.എസിലുമൊക്കെയായി ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു. എം.പിയാണെന്ന കാര്യം ഓർക്കുമ്പോൾ 'ലാൻഡർ' നിലത്തുതൊടും. അതു നിമിത്തം ചില 'പാരമ്പര്യവാദി' നേതാക്കൾക്ക് വയറ്റിൽനിന്നു മേലോട്ടു കയറുന്ന ആധിക്ക്- ജഠരാഗ്നി എന്ന സംസ്‌കൃതമായാൽ ഗൗരവം കൂടും- ഒരു കുറവുമില്ല. അദ്ദേഹം ഞാണിന്മേൽ കളിക്കുകയാണെന്നു പ്രസ്താവിച്ചു നോക്കി, ങ്‌ഹേ, അന്തരാത്മാവിന്റെ ആദിക്കു മാറ്റമില്ല. എ.ഐ.സി.സിയിൽ കയറ്റിവിട്ടു. 'വെളുക്കാൻ തേച്ചതു പാണ്ടായി' എന്ന പോലായി. 'ജന്മം' കാണം എന്നൊക്കെ പറയുന്ന മാതിരി, അങ്ങു ദില്ലിയിൽ അവകാശം വെച്ച് അനുഭവിച്ചിരിക്കുന്ന പലരും 'ക്ഷണിതാക്കൾ' മാത്രമായി. പത്തു പുത്തൻ വോട്ട് പിടിക്കാത്ത 'കൊടിക്കുന്നിലെ മണി'യല്ല തരൂർ. 'പ്രത്യേക പരിഗണനയുടെ ശീട്ടും വങ്ങി എപ്പോഴാണ് അങ്ങോർ തെരഞ്ഞെടുപ്പു ഗോദയിൽ കാലെടുത്തു വെക്കുന്നതെന്നറിയില്ല. ഭേദം ചന്ദ്രനിലേക്കു കയറ്റിവിടുന്നതു തന്നെ. കൈയിൽ     ഒരു ദേശീയപ താകയും പിടിച്ച് തരൂർ ചന്ദ്രമുഖത്തിന്റെ ദക്ഷിണ ദേശമാകെ ഓടിക്കളിക്കുന്നത് 'കോൺഗ്രസ് ഉന്മൂലനം' മാത്രം ലക്ഷ്യമാക്കിയ മോഡി - ഷാജിമാർ മേലോട്ടു നോക്കുമ്പോൾ ദിവസവും കാണണം. 'ഒരു വെടിക്കു രണ്ടു പക്ഷി' എന്നു പറഞ്ഞാൽ മറ്റൊന്നല്ല. ഇതു ചെന്നിത്തലയെ ഉദ്ദേശിച്ചല്ല എന്നും മനസ്സിലാക്കണം.
എന്നാൽ മേൽപടി മോഹമൊക്കെ 'മലർപൊടിക്കാരന്റെ സ്വപ്നം' മാത്രമായി പണ്ടത്തെപ്പോലെ അവശേഷിച്ചു. അടുത്ത പടി, ശുക്രനിലേക്ക് ഒരു യാത്ര ആലോചിച്ചെന്നു വരാം എന്ന് ഇസ്‌റോ ചെയർമാൻ പ്രസ്താവിച്ചത് ഞെട്ടലോടെയാണ് രാഷ്ട്രീയ കേരളം കേട്ടത്. 'കൊച്ചേട്ടൻ പാർട്ടി'യിലെ കാനം വിരുദ്ധരും രാജ - ആനിരാജ വിരുദ്ധരും മാറിമാറി ഞെട്ടി. വല്യേട്ടൻ പാർട്ടിയിലെ ഒട്ടുമുക്കാൽ പേരും ഒന്നിച്ചാണ് ഞെട്ടിയത്. അവർ എന്നും വല്യേട്ടൻ ഉല്ലാസ യാത്രക്കു പോകണേയെന്നു പ്രാർഥിച്ചിരുന്നു. 'വെട്ടിനിരത്തൽ' പേടിച്ചു പരസ്യമാക്കിയിട്ടില്ല എന്നു മാത്രം! ബി.ജെ.പി കേരളത്തിൽ 'മൂടില്ലാത്താളി'യോ 'ആകാശ ഗരുഡനോ' ആണെങ്കിലും ഒട്ടും പിന്നിലല്ല. ശോഭ പക്ഷവും സുരേന്ദ്ര പക്ഷവും പരസ്പരം 'ചന്ദ്രനിൽ പോകട്ടെ'യെന്ന് വാതോരാതെ ആശംസിക്കുന്നവർ. ഇനി ശുക്രനിലേക്കു പേടകത്തെ അയച്ചാലും, മനുഷ്യനെ കയറ്റി വിടാൻ ഏറെക്കാലം വേണ്ടിവരും. 1969 ൽ നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ദിനം മുതൽ സംഘടനകൾക്കുണ്ടായ പ്രതീക്ഷകൾക്ക് കൈയും കണക്കുമില്ല!


****                              ****                            ****


പൊതുവെ ആഹാരപ്രിയരാണ് മലയാളികൾ. സദ്യവട്ടങ്ങൾക്ക് പേരും പെരുമയുമുള്ളതാണ് തലസ്ഥാനം. ഇതര ദേശങ്ങളിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത 'ന്യൂജെൻ' കറികൾ കണ്ടാൽ ചരമശയ്യയിൽ കിടക്കുന്നവർ പോലും എണീറ്റു ഇലയുടെ മുന്നിൽ ചെന്നിരിക്കും. അതൊന്നും നിയമസഭ സ്പീക്കർ ഓർത്തില്ല. സഭക്കാർക്കു വിളമ്പിയ ഓണസദ്യ പകുതിപ്പേർക്ക് എത്തിയപ്പോഴേക്കും 'ബ്രേക്ക് ഡൗൺ' ആയി. യഥാർഥ കാരണം സിറ്റിംഗോ, സ്റ്റാന്റിംഗോ, റിട്ടയേർഡോ ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിക്കണം, ഒട്ടും അധികമാവില്ല. 'നെയ്യാറിനു സമീപമുള്ള കാട്ടാക്കടയിലെ ഒരു സംഘപരിവാറുകാരനാണ് 'കാറ്ററിംഗി'ന്റെ ക്വട്ടേഷൻ ലഭിച്ചതത്രേ! പേരിൽ 'നെയ്യു'ണ്ടെങ്കിലും ആറ്റിൽ സംഗതി ഇല്ലല്ലോ. സിനിമ അവാർഡും അതിന്റെ തോളത്തു വിവാദവും കൂടിയുള്ള കാലമായതിനാൽ സദ്യയും 'ഇടവേള' കഴിഞ്ഞു തുടരുമെന്നു കരുതി. പക്ഷേ തെറ്റി. ആതിഥേയ ശിരോമണി സ്പീക്കർക്കു പോലും കിടച്ചത് ഒരു കപ്പു പായസവും ഒരു പൂവൻ പഴവും. അദ്ദേഹം 'ഡയറ്റിംഗ്' നോക്കുന്നതു നല്ലതാണെന്നു കരുതുന്നവർക്ക് അതു സന്തോഷമായി! പക്ഷേ, 'ശാപ്പാട്ടുരാമ'ന്മാരായ മറ്റു പല സാമാജികരുടെയും ശാപം ഷംസീറിനെ പിടികൂടിയേക്കാം. 'മിത്ത് വിവാദ'ത്തിന്റെ ശാപത്തിൽ നിന്നും ഇനിയും 'മോക്ഷം' കിട്ടിയിട്ടില്ല. മിത്തിനു പിന്നാലെ സദ്യയും! സംഘപരിവാരങ്ങളുടെ കൈകൾ സദ്യയിൽ ഇടപെട്ടോ എന്ന് അന്വേഷിച്ചു തീരുംവരെ ദൃശ്യമാധ്യങ്ങളിലെ 'സദ്യ' ആസ്വദിക്കാമെന്നു മലയാളികൾ കരുതും; അത്ര ക്ഷമാശീലരാണ്. മാത്രമല്ല 'മാധ്യമ സദ്യ'യാണ് സർക്കാർ സദ്യയേക്കാൾ ഭേദം.
വ്യോമാന്തരീക്ഷം നിറയെ പരീക്ഷണ ഉപഗ്രഹങ്ങളും 'സാദാ' റോക്കറ്റുകളുമാണ്. അതിനു തുല്യം ഭൂമിയിൽ കെ.പി.സി.സിയുടെ ഇന്ദിരാഭവൻ മാത്രം! ബ്ലോക്ക് ഭാരവാഹികൾ 'മാത്രമാണ് ഡെലിവറി' കഴിഞ്ഞു പുറത്തായത്. 'ലോയേഴ്‌സ് കോൺഗ്രസ്' എന്നൊരു വർഗം അകത്ത് 'അനസ്‌തേഷ്യ'യിൽ ചുരുണ്ടുകിടക്കുന്നു. 'സെമി കാഡർ' വിദഗ്ധനായ പ്രസവ ഡോക്ടർ ഒരു രോഗിയേക്കാൾ വെപ്രാളത്തോടെ കൈകാലുകളിട്ടടിക്കുന്നു. 'ശമനം' മാത്രം അടുക്കുന്നില്ല. തെരഞ്ഞെടുപ്പും നോമിനേഷനമുമെല്ലാം 'അകലെ യകലെ യകലെ....' എന്ന സിനിമാപ്പാട്ടിന്റെ ഈണത്തിൽ നിലകൊള്ളുന്നു. ഇന്നും 'മെമ്പർഷിപ്പ്' എന്ന പരിപാടിയിൽ 'ആദിയും അന്ത്യവു'മില്ലാതെ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസിനെ തങ്ങളുടെ പേജുകളിൽ ആദരപൂർവം ആനയിച്ച് ഇരുത്താൻ 'ലോക റെക്കോർഡ് ബുക്കു'കാർ ഇനിയു വൈകരുത്. വയനാട്ടിലെ ഡി.സി.സിയിൽ 'ആന ഇടഞ്ഞു' വെന്നു കേൾക്കുന്നു. മറ്റു ജില്ലകളിലും ഇനി ഇടഞ്ഞുതുടങ്ങും. എവിടെയും സ്റ്റേജിൽ കസേരയിട്ട് ഇരുന്നു ശീലിച്ചതാണ്. 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നാണ് ആപ്ത വാക്യം. ഹരിയാനയിൽ നിന്നുള്ള ആൾമാറാട്ട വിദഗ്ധരെ കൊണ്ടുവന്ന് ജില്ലകൾ പിടിക്കാനും മടിക്കരുത്.


****                          ****                                   ****


ശൈലജ ടീച്ചറുടെ ആത്മകഥ കണ്ണൂർ യൂനിവേഴ്‌സിറ്റി 'സിലബസിലാക്കി.' അതു പ്രസ്ഥാനത്തെ പരിഹസിക്കലാണെന്നു ഇടതുപക്ഷ കൺവീനറും സംസ്ഥാന സെക്രട്ടറിയും. കാര്യം ഇമ്മിണി ബല്യപൂരവും പുലിക്കളിയുമാകുംമുമ്പേ ടീച്ചർ ഇടപെട്ടു; പുസ്തക ഭാഗം പിൻവലിച്ചുവത്രേ! എന്തൊക്കെ പുലിവാലാണ്! മായം ചേരാത്ത ഒന്നും ഇക്കാലത്ത് ആർക്കും വേണ്ട!

Latest News