പനാജി- ഗോവയില്‍ ബീഫിന് ക്ഷാമം നേരിടുകയാണെന്നും ഗോ രക്ഷകരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കള്‍ ലോബോ രംഗത്ത്. ഗോ രക്ഷകരെ നിലക്കുനിര്‍ത്തുന്നതില്‍ ബി.ജെ.പി സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇത് ബീഫ് ക്ഷാമത്തിനും ടൂറിസത്തിലെ ഇടിവിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് കഴിക്കുന്നവര്‍ ഗോവയില്‍ ധാരാളമുണ്ട്. ബീഫ് കഴിക്കാനായാണ് നിരവധി ടൂറിസ്റ്റുകള്‍ വരുന്നതും -അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി.ജെ.പി ഗോഹത്യക്കെതിരെ രംഗത്തു വരികയും ഹിന്ദുത്വ ശക്തികള്‍ പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുകയും ചെയ്യുമ്പോഴാണ് ഗോവയില്‍ ബി.ജെ.പി എം.എല്‍.എ ബീഫിനു വേണ്ടി മുറവിളി കൂട്ടുന്നത്.
ഗോരക്ഷകരെന്ന് പറയുന്നവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണെന്നും ബീഫ് കൊണ്ടുവരുന്നത് അവര്‍ തടയുകയാണെന്നും ലോബോ പറഞ്ഞു. ജീവനെടുക്കുമെന്ന ഗോരക്ഷകരുടെ ഭീഷണി കാരണം ബീഫ് വ്യാപാരം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ ഭൂരിപക്ഷ സമുദായമായ ഗോവയില്‍ ടണ്‍ കണക്കിനു ബീഫാണ് ദിവസം ചെലവായിരുന്നത്. ജനസംഖ്യയില്‍ മുസ്‌ലിംകള്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്ത് ധാരാളം അറവുശാലകള്‍ ഉണ്ടെങ്കിലും കര്‍ണാടകയില്‍നിന്ന് കാലികളെ കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ മിക്കതും അടച്ചിട്ടിരിക്കയാണ്. ഗോവ മീറ്റ് കോംപ്ലക്‌സ് എപ്പോഴാണ് തുറക്കുകയെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയാറാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.






