Sorry, you need to enable JavaScript to visit this website.

ബഹ്‌റൈൻ, ഇസ്രായിൽ വിദേശ മന്ത്രിമാർ ചർച്ച നടത്തി

ഇസ്രായിൽ വിദേശ മന്ത്രി ഇലി കോഹനെ ബഹ്‌റൈൻ വിദേശ മന്ത്രി അബ്ദുല്ലത്തീഫ് അൽസയ്യാനി സ്വീകരിക്കുന്നു. 

മനാമ - ബഹ്‌റൈൻ വിദേശ മന്ത്രി അബ്ദുല്ലത്തീഫ് അൽസയ്യാനിയും ഇസ്രായിൽ വിദേശ മന്ത്രി ഇലി കോഹനും ചർച്ച നടത്തി. ഇസ്രായിൽ വിദേശ മന്ത്രിയായി നിയമിതനായ ശേഷം ഇലി കോഹൻ നടത്തുന്ന പ്രഥമ ബഹ്‌റൈൻ സന്ദർശനമാണിത്. ദ്വിദിന സന്ദർശനത്തിന് എത്തിയ ഇലി കോഹീനെ മനാമ എയർപോർട്ടിൽ ബഹ്‌റൈൻ വിദേശ മന്ത്രി സ്വീകരിച്ചു. മനാമയിലെ ഇസ്രായിൽ സ്ഥിരം എംബസി ആസ്ഥാനം സന്ദർശനത്തിനിടെ ഇസ്രായിൽ വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു. 
ഇസ്രായിൽ വിദേശ മന്ത്രി ഓഗസ്റ്റ് ആദ്യത്തിൽ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ജൂലൈയിൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സന്ദർശനം നീട്ടിവെക്കുകയായിരുന്നു. തീവ്രദേശീയവാദിയായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ ഗവീർ അൽഅഖ്‌സ മസ്ജിദിൽ നടത്തിയ പ്രകോപനപരമായ സന്ദർശനത്തെ തുടർന്നാണ് വിദേശ മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം നീട്ടിവെച്ചത്. നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാറിൽ ഇസ്രായിലും ബഹ്‌റൈനും യു.എ.ഇയും അമേരിക്കയുടെ മധ്യസ്ഥതയിൽ 2020 സെപ്റ്റംബറിൽ ഒപ്പുവെച്ചിരുന്നു.

Latest News