Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ രണ്ടാം വന്ദേഭാരത്  ഗോവക്കാര്‍ കൊണ്ടു പൊയ്‌ക്കോട്ടെ 

മംഗളുരു- കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഓണ സമ്മാനമെന്ന് കൊട്ടിഘോഷിച്ച ഈ ട്രെയിന്‍ മംഗളുരുവിലെത്തി എന്നൊക്കെയായിരുന്നു കോലാഹലം. റൂട്ടും മലയാള മാധ്യമങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. മംഗളുരുവില്‍ നിന്ന് ഇത് എറാണാകുളത്തേക്ക് ഓടുമെന്ന് തീരുമാനമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എറണാകുളത്തേക്ക് ഇത്തരമൊരു ട്രെയിനിന്റെ ആവശ്യമേയില്ലെന്നതാണ് കാര്യം. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്കാണ് സര്‍വീസെങ്കില്‍ ഒ.കെ. തിരുവനന്തപുരം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് പുതിയ വന്ദേഭാരതില്‍ കോട്ടയത്ത് എത്തി യാത്ര തുടരാം. മംഗളുരു-എറണാകുളം റൂട്ടില്‍ വേണമെങ്കില്‍ ഒരു ഡേ എക്‌സ്പ്രസ് തുടങ്ങിയാല്‍ മതി. സമ്പന്നര്‍ക്ക് യാത്ര ചെയ്യാന്‍ ആവശ്യത്തിന് എസി ചെയര്‍ കാറുകളും ഏര്‍പ്പെടുത്താം. 
രണ്ടാം വന്ദേഭാരത് ഗോവക്കാര്‍ തട്ടിയെടുക്കുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ക്കും ഗുണകരമാവും അത്. ഗോവയിലെ മഡ്ഗാവില്‍ നിന്ന് പുറപ്പെട്ട് കര്‍ണാടക, വടക്കന്‍ കേരളം വഴി തമിഴുനാട്ടിലെ കോയമ്പത്തൂരിലേക്കായാല്‍ ബി.ജെ.പിയ്ക്കും രാഷ്ട്രീയ നേട്ടമാവും. മാത്രവുമല്ല, കേരളത്തിന് ആദ്യ വന്ദഭാരത് ലഭിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദം പ്രകടിപ്പിച്ച പാലക്കാട്ടുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. ഉത്തര കേരളത്തെ പ്രത്യേകം പരിഗണിക്കണമെന്നുണ്ടെങ്കില്‍ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലാ തലസ്ഥാനങ്ങള്‍ക്ക് പുറമേ വടകരയും തിരൂരും ഷൊര്‍ണൂരും സ്റ്റോപ്പ് അനുവദിക്കുകയുമാവാം. 
ഏത് റൂട്ടിലോടണമെന്ന് തീരുമാനിച്ചിട്ടില്ലാത്തിനാല്‍ രണ്ടാം വന്ദേഭാരത് ആശയക്കുഴപ്പത്തിലാണ്. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക്  ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിന്‍ ബ്രിഡ്ജിലെ റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു  അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗലാപുരം എന്നായി പ്രചാരണം. എന്നാല്‍ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ മംഗലാപുരത്ത് എത്തിയിട്ടില്ല.
ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ നീങ്ങാത്തതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നല്‍കാത്തതും കാരണമാണ്. 
 

Latest News