വയനാട് എര്‍ലോട്ടുകുന്നില്‍ ഭീതി പരത്തിയ കുടുവ കൂട്ടിലായി

വയനാട് എര്‍ലോട്ടുകുന്നില്‍ കൂട്ടിലായ കടുവ.

സുല്‍ത്താന്‍ബത്തേരി-നൂല്‍പ്പുഴ പഞ്ചായത്തിലെ എര്‍ലോട്ടുകുന്നിലും സമീപങ്ങളിലും ഭീതി പരത്തിയ  കുടുവ കൂട്ടിലായി. ഇന്നു പുലര്‍ച്ചെ 4.45നാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ പിടിക്കുന്നതിന് ഒന്നിനു വൈകുന്നേരമാണ് ഇര സഹിതം കൂട് സ്ഥാപിച്ചത്. കടുവയെ കുപ്പാടിയിലെ വന്യജീവി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ച് പരിധിയിലാണ് എര്‍ലോട്ടുകുന്ന്.
12 വയസുള്ള പെണ്‍കടുവയാണ് കൂട്ടിലായതെന്ന് ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. കുടുവയുടെ ദേഹത്ത്
പരിക്കുകള്‍ ഉണ്ട്. കടുവയെ ഉള്‍വനത്തില്‍ മോചിപ്പിക്കണമോ എന്നതില്‍ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം തീരുമാനമെടുക്കും.
എര്‍ലോട്ടുകുന്നില്‍  ദിവസങ്ങള്‍ മുമ്പ് തുടങ്ങിയതാണ് കടുവ ശല്യം.  കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിട കടുവ പശുക്കിടാവിനെ കൊന്നു. ഇതേത്തുടര്‍ന്ന് കടുവയെ പിടിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തുവന്നു. വ്യാഴാഴ്ച വനപാലകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കടുവയെ പിടിക്കുന്നതിനു കൂടുവെക്കാന്‍ ധാരണയായി. ഇതിനു പിന്നാലെ കൂട് എത്തിച്ചെങ്കിലും ഉത്തരവിന്റെ അഭാവത്തില്‍ സ്ഥാപിച്ചില്ല. ഇതിലുള്ള അമര്‍ഷം പ്രദേശവാസികള്‍ ഉള്ളിലൊതുക്കി കഴിയുന്നതിനിടെ രാത്രി ഒമ്പതരയോടെ വീണ്ടും കടുവ എത്തി. പ്രദേശത്തെ രാജേഷിന്റെ പശുവിനെ ആക്രമിച്ചു. നായയെ കടിച്ചുകൊണ്ടുപോയി. ഈ പശ്ചാത്തലത്തില്‍  ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മൂലങ്കാവില്‍ ദേശീയ പാത ഉപരോധിച്ചു. ഇതേത്തുടര്‍ന്നാണ് കുടുവയെ കൂടുവച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായത്. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലും കടുവയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് പനവല്ലി.

 

Latest News