Sorry, you need to enable JavaScript to visit this website.

മഴ ശക്തമായി, കോന്നി താലൂക്കില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

പത്തനംതിട്ട-ശക്തമായ മഴയെ തുടര്‍ന്ന് കോന്നി താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകുന്നതല്ല.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വരും മണിക്കൂറുകളില്‍ പത്തനംതിട്ട ജില്ലയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ മഴയും മണ്ണിടിച്ചില്‍ സാധ്യതാമേഖലകള്‍ കൂടുതലുള്ളതിനാലുമാണ് തിങ്കളാഴ്ച കോന്നി താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയില്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മൂഴിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പമ്പാ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതില്‍  ഉയരും.
 കഴിഞ്ഞ ദിവസം ഉള്‍വനത്തില്‍ രണ്ടു ഉരുള്‍പൊട്ടലാണ് ഉണ്ടായത്. സീതത്തോട് പഞ്ചായത്തില്‍   മണ്ണിടിച്ചില്‍ സംഭവിച്ചു. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ നിരോധിച്ചിരിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.

 

Latest News