തിരക്ക് ഒഴിവാക്കാന്‍ കോണിപ്പടിയിലൂടെ മേല്‍പാലത്തില്‍ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍

ന്യൂദല്‍ഹി- നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്റെ ഓട്ടോയെ തിരക്കേറിയ ഫുട്ട് ഓവര്‍ ബ്രിഡ്ജിലേക്ക് ഓടിച്ചുകയറ്റി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പതിഞ്ഞ സംഭവം ഹംദര്‍ദ് നഗര്‍ ഏരിയയിലെ ട്രാഫിക് സിഗ്‌നലിലാണ് നടന്നത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെയും ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള റോഡില്‍ സാധാരണഗതിയില്‍ തിരക്കാണ്. മുന്ന എന്ന 25 കാരനായ ഡ്രൈവര്‍ ആദ്യം തന്റെ ഓട്ടോ ഒരു ഫുട്പാത്തിലേക്ക് കയറ്റി. പിന്നീട് അത് കോണിപ്പടികളിലൂടെ പാലത്തിലേക്ക് ഓടിച്ചു.
പരസ്യം

ഒരു കാഴ്ചക്കാരന്‍ സംഭവം ക്യാമറയില്‍ പകര്‍ത്തി. ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ ഇല്ലായിരുന്നു. എന്നാല്‍ ഡ്രൈവറെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ കോണിപ്പടിയിലേക്ക് വാഹനം കയറ്റാന്‍ സഹായിച്ചതിന് ശേഷം മറ്റൊരാള്‍ അതില്‍ കയറി.
പാലത്തിലൂടെയുള്ള കാല്‍നടയാത്രക്കാര്‍, ഓട്ടോറിക്ഷ കണ്ട് അമ്പരന്ന് വഴിമാറി.

സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്രൈവറെയും അമിത് എന്നയാളെയും അറസ്റ്റ് ചെയ്തു. ഇരുവരും ദല്‍ഹിയിലെ സംഗം വിഹാര്‍ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Latest News