Sorry, you need to enable JavaScript to visit this website.

ലൈംഗിക അതിക്രമം, വനിതാ ഡോക്ടര്‍ പരാതി നല്‍കി, കേസെടുത്ത് പോലീസ്

കൊച്ചി- എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദുബായില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഡോക്ടര്‍ ഇ മെയില്‍ ആയി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികമായ ഉദ്ദേശത്തോടെ ഉപദ്രവിച്ചെന്ന കുറ്റമാണ് ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ ചുമത്തിയിരിക്കുന്നത്.
വനിതാ ഡോക്ടര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് ഇമെയിലില്‍ അയച്ച പരാതി പോലീസിന് ശനിയാഴ്ച ഫോര്‍വേഡ് ചെയ്തിരുന്നെങ്കിലും നേരിട്ട് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. വനിതാ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഇമെയിലില്‍ പോലീസിന് നേരിട്ട് പരാതി അയച്ചത്. മണിക്കൂറുകള്‍ക്കകം എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വനിതാ ഡോക്ടറോട് മൊഴി നല്‍കുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായില്‍ ജോലി ചെയ്യുന്നതിനാല്‍ സൗകര്യം നോക്കി തീയതി അറിയിക്കാമെന്നാണ് വനിതാ ഡോക്ടര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ 2019 ഫെബ്രുവരിയില്‍ പരാതി പറയാനെത്തിയ തന്നെ ഡോ. മനോജ് കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നാല് വര്‍ഷത്തിന് ശേഷം വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതോടെ ആരോഗ്യ മന്ത്രിയടക്കം ഇടപെട്ടിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടെങ്കിലും കര്‍ശന നടപടിയുണ്ടായില്ലെന്നാണ് വനിതാ ഡോക്ടര്‍ പറയുന്നത്.

 

Latest News