ജിദ്ദക്ക് ആവേശമായി റിഹാം അബ്ദുല്‍ഹകീമിന്റെ ഗാനസന്ധ്യ

ജിദ്ദ- ജിദ്ദയിലെ സംഗീതപ്രേമികള്‍ക്ക് നവോന്മേഷം നല്‍കി ഈജിപ്ഷ്യന്‍ ഗായിക റിഹാം അബ്ദുല്‍ ഹക്കീമിന്റെ ഗാനസന്ധ്യ. ബഞ്ച് മാര്‍ക്ക് തിയേറ്ററില്‍ തിങ്ങിനിറഞ്ഞ ഗാനാസ്വാദകര്‍ക്ക് മുന്നില്‍ റിഹാം സ്വതസിദ്ധമായ ശൈലിയില്‍ ഗാനാലാപനം നടത്തിയപ്പോള്‍ താളത്തിനൊത്ത് സദസ്സ് ഇളകി മറിഞ്ഞു. കേള്‍ക്കാന്‍ കൊതിച്ച പഴയ പാട്ടുകള്‍ പുതിയവക്കൊപ്പം പാടിത്തീര്‍ത്തപ്പോള്‍ ആസ്വാദകഹൃദയങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. സമ്മര്‍ ജിദ്ദ ആഷോഷപരിപാടികളുടെ ഭാഗമായാണ് സംഗീത നിശ സംഘടിപ്പിച്ചത്.
അള്‍ജീരിയന്‍ സംഗീതജ്ഞയായിരുന്ന വര്‍ദ അല്‍ജസാഇരിയുടെ അല്‍ഉയൂന്‍ അല്‍സൗദ് എന്ന ഗാനം ഈജിപ്ഷ്യന്‍ ഗായകനായ മുഹമ്മദ് അല്‍ഹുല്‍വ് പാടിയാണ് ഗാനസന്ധ്യക്ക് തുടക്കമായത്. സംഗീത ലോകത്ത് പ്രശസ്തയായ ഈജിപ്ഷ്യന്‍ കലാകാരി ഈമാന്‍ അബ്ദുല്‍ഗനിയ്യും കൂടി ചേര്‍ന്നതോടെ സദസ്യര്‍ ആവേശത്തില്‍ മതിമറന്നു. ഹായ്ദി മൂസ കൂടി സ്‌റ്റേജിലെത്തിയതോടെ സദസ്യരുടെ ആവേശം ഇരട്ടിയായി. രാത്രി ഏറെ വൈകുവോളം നീണ്ടുനിന്ന പരിപാടി ആടിയും പാടിയും മതിമറന്നാഘോഷിച്ചാണ് പൊതുജനം തിയേറ്റര്‍ വിട്ടത്.

 

Latest News