ബംഗളൂരു- ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം ഇല്ലാതായതിനാൽ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവർ സ്ലീപ്പ് മോഡിലേക്ക് മാറിയതായി ഐ എസ് ആർ ഒ. റോവറിലെ പേലോഡുകളുടെ പ്രവർത്തനവും നിർത്തിവച്ചു. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ സ്വീകരിച്ച് ഭൂമിയിലേക്ക് അയച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. സെപ്റ്റംബർ 22നാണ് ചന്ദ്രനിൽ അടുത്ത പകലിന്റെ ആരംഭം. അതുവരെ റോവർ സ്ലീപ്പ് മോഡിൽ തുടരും. ഈ സമയത്തുണ്ടാകുന്ന കനത്ത ശൈത്യത്തെ അതിജീവിച്ചാൽ റോവർ വീണ്ടും പ്രവർത്തന സജ്ജമാകും. അതുണ്ടായാൽ കൂടുതൽ പരീക്ഷണ വിവരങ്ങൾ ഐ.എസ്.ആർ.ഒക്ക് ലഭിക്കും. അടുത്ത സൂര്യോദയത്തിൽ ഉണരാനുതകുന്ന തരത്തിലാണ് റോവറിന്റെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിനകം റോവർ 100 മീറ്ററോളം ചന്ദ്രോപരിപതലത്തിൽ സഞ്ചരിച്ചു കഴിഞ്ഞു.