ന്യൂദല്‍ഹി- ഇന്ത്യയില്‍ അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രതീക്ഷയും മോഡി മുന്നോട്ടുവെച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോഡിയുടെ പ്രതികരണം.
ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നൂറുകോടി ദരിദ്രരാണ് ഇന്ത്യയില്‍ വളരെ കാലമായി വിശന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നൂറുകോടി പേര്‍ അവരാഗ്രഹിക്കുന്ന ജീവശൈലിയില്‍ ജീവിക്കുന്നുണ്ടെന്നും വിശദമാക്കി. മാര്‍ഗ നിര്‍ദേശത്തിനായി ലോകം ഇന്ത്യയിലേക്കാണ് നോക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു.
ഭാവിയിലേക്കുള്ള റോഡ് മാപ്പ് ആയാണ് നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നതെന്നു പറഞ്ഞ മോഡി ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയില്‍ ആദ്യ മുന്നു സ്ഥനത്തേക്കെത്തുമെന്നും പറഞ്ഞു.