Sorry, you need to enable JavaScript to visit this website.

ഇന്ത്യ മുന്നണി ഹിന്ദുക്കളെ വെറുക്കുന്നു,ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നു -അമിത് ഷാ

ന്യൂദൽഹി- ഇന്ത്യയിലെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ഹിന്ദു മതത്തെ വെറുക്കുന്നവരാണെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകന്റെ സനാതന ധർമ്മത്തിന് എതിരായ പ്രസ്താവന നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്രയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ഷാ. 
ഇന്ത്യൻ ബ്ലോക്കിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശമെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പരാമർശം. 'സനാതന ധർമ്മം എന്ന ആശയം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും' ചെന്നൈയിൽ എഴുത്തുകാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് അദ്ദേഹം സാമ്യപ്പെടുത്തിയത്.  ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമ്മമെന്ന് സ്റ്റാലിൻ പറഞ്ഞു.

'സനാതന ധർമ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. സനാതന ധർമ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കും. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചുനിൽക്കുന്നു. പീഡിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഞാൻ സംസാരിച്ചുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സനാതന ധർമ്മം 'ഒരു ജാതി ഹൈറാർക്കിക്കൽ സൊസൈറ്റിക്കുള്ള കോഡല്ലാതെ മറ്റൊന്നുമല്ല എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരവും രംഗത്തെത്തി. ജാതി ഇന്ത്യയുടെ ശാപമാണ്,' അദ്ദേഹം പറഞ്ഞു.

 'കഴിഞ്ഞ രണ്ട് ദിവസമായി അവർ (ഇന്ത്യ) ഈ രാജ്യത്തിന്റെ പൈതൃകത്തെയും സനാതന ധർമ്മത്തെയും അപമാനിക്കുകയാണ്. കോൺഗ്രസിന്റെയും ഡിഎംകെയുടെയും ഉന്നത നേതാക്കളുടെ മക്കൾ സനാതന ധർമ്മം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. വോട്ട് ബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിന് വേണ്ടിയാണിതെന്നും അമിത് ഷാ പറഞ്ഞു.
 

Latest News