Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മുമ്പ് മരിക്കാൻ ഭയമില്ലായിരുന്നു, ഇപ്പോൾ പേടിയാവുന്നു'; എം.എ യൂസഫലിയുടെ വാക്കുകളിൽ വിതുമ്പി ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം - മുമ്പ് ഞാൻ മജീഷ്യനായപ്പോൾ തനിക്ക് മരിക്കാൻ വലിയ ഭയമില്ലായിരുന്നുവെങ്കിൽ ഇപ്പോൾ മരിക്കാൻ തനിക്ക് പേടിയാണെന്ന് പ്രശസ്ത പ്രചോദന പ്രാസംഗികനും സാമൂഹ്യപ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. 
 ഭിന്നശേഷിയുള്ള ആയിരത്തോളം കുട്ടികൾക്കായി 83 കോടി രൂപ ചെലവഴിച്ച് കാസർക്കോട്ട് തുടങ്ങുന്ന പദ്ധതിയുടെ ലോഗോ പ്രകാശന ചടങ്ങിൽ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയുടെ വാക്കുകൾ കേട്ട് താൻ വിതുമ്പിപ്പോയെന്നും പരിപാടിക്കുശേഷം അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. യൂസഫലിയെപ്പോലുള്ള ആളുകളുണ്ടാകുമ്പോൾ തന്റെ മക്കൾ ഒരിക്കലും അനാഥരാകില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ ഇങ്ങനെ:

  'പല രാത്രികളിലും ഉറങ്ങാൻ കിടക്കുമ്പോൾ ഞാനെന്റെ ഭാര്യ കവിതയോട് പറയും. കവിതേ, പണ്ട് മജീഷ്യനായിരുന്നപ്പോൾ, ഫയർ എസ്‌കേപ്പ് ആക്ടും വെടിയുണ്ട കടിച്ചുപിടിക്കുന്ന മാജിക്കുമൊക്കെ അവതരിപ്പിച്ചിരുന്ന കാലത്ത്, എനിക്ക് മരിക്കാൻ വലിയ ഭയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ എനിക്ക് മരിക്കാൻ പേടിയാണ്. 
 നമ്മുടെ മകൻ ബിച്ചു എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചോളും. പക്ഷേ, എന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് മക്കൾ അനാഥമായി പോകുമോ എന്ന് ഭയമുണ്ട്. ഇന്ന് എല്ലാം മറന്ന് ചിരിക്കുന്ന അവരുടെ മാതാപിതാക്കൾക്ക് പഴയ ലോകത്തേക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുമോ എന്നൊരു ഭയം. അതിനിടയ്ക്കാണ് ഇപ്പോൾ കാസർക്കോട് ആയിരത്തോളം ഭിന്നശേഷി കുട്ടികളെ ഏറ്റെടുക്കാനൊരു പദ്ധതി തുടങ്ങുന്നത്. 
 സ്ഥലം മാത്രമേ ആയിട്ടുള്ളൂ. പണി തുടങ്ങിയിട്ടേയില്ല. ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഭിന്നശേഷിക്കാർക്ക് മാത്രമായൊരു ആശുപത്രിയും ഹൈടെക് തെറാപ്പി യൂണിറ്റുമൊക്കെയായിട്ട് 83 കോടി രൂപയുടെ പ്രോജക്ടാണ് മനസിലുള്ളത്. ഈ ഭൂമിയിൽനിന്നും പോകുന്നതിനു മുമ്പ് എല്ലാം പൂർത്തിയാക്കി കഴിയാൻ സാധിക്കണേയെന്ന് ഓരോ ദിവസവും ഇങ്ങനെ മനസ് കൊണ്ട് ആഗ്രഹിക്കും. പക്ഷേ, ഇന്ന് ഞാൻ അഭിമാനത്തോടെ പറയട്ടെ.. ഒരുപാട് ആത്മവിശ്വാസവുമായി ഒരു ദൈവദൂതൻ എന്റെ മക്കളെ കാണാൻ വന്നു...ശ്രീ എം.എ യൂസഫലി സാർ. 
കാസർക്കോട് പ്രോജക്ടിന്റെ ലോഞ്ചിംഗ് നടത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. തുടർന്നുള്ള പ്രഖ്യാപനമാണ് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. എല്ലാ വർഷവും ഈ കുട്ടികൾക്കായി ഒരു കോടി രൂപ വീതം തരാമെന്നും പറഞ്ഞു. അതും കഴിഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ വിതുമ്പിപ്പോയി. 'തന്റെ കാലശേഷവും അതു തുടർന്നുകൊണ്ടേയിരിക്കുമെന്നും അത് താൻ എഴുതിവെക്കുമെന്നും'...
 ഞാൻ മനസിൽ പറഞ്ഞു...ഞാൻ ഏറ്റെടുക്കുന്ന മക്കൾ അത് തിരുവനന്തപുരത്തായാലും കാസർക്കോട്ടായാലും യൂസഫലി സാറിനെപ്പോലുള്ള ആളുകളുണ്ടാകുമ്പോൾ ഒരിക്കലും അനാഥരാകില്ല. നന്ദിയുണ്ട് ..യൂസഫലി സാർ ഈ ചേർത്തുപിടിക്കലിന്...ഈ സ്‌നേഹത്തിന്. ഇതിലപ്പുറം പറയാൻ എനിക്ക് കഴിയില്ല..ഒരുപാട് നന്ദി...'
 

Latest News