Sorry, you need to enable JavaScript to visit this website.

ജയസൂര്യയുടെ ഡയലോഗ് താളവട്ടത്തില്‍ ജഗതി  കുതിരയെ വിഴുങ്ങിയത് പോലെ-എംബി രാജേഷ്

പാലക്കാട്-നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ ഉന്നയിച്ച ആരോപണത്തില്‍ രാഷ്ട്രീയമായി മറുപടി നല്‍കുക മാത്രമാണ് മന്ത്രിമാര്‍ ചെയ്തതെന്ന് മന്ത്രി എംബി രാജേഷ്. വളരെ സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി പ്രസാദും പി രാജീവും ജയസൂര്യയുടെ വിമര്‍ശനം കേട്ടതും അതിനോട് പ്രതികരിച്ചതും. നടന്‍ ജോജു ജോര്‍ജിനോട് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണോ പെരുമാറിയതെന്നും രാജേഷ് ചോദിച്ചു.
എന്താണ് മന്ത്രിമാര്‍ ജയസൂര്യയെ കടന്നാക്രമിച്ചത്? അദ്ദേഹത്തിനെതിരെ മന്ത്രിമാര്‍ മാന്യമല്ലാത്ത ഒരു വാക്കോ വാചകമോ ഉപയോഗിച്ചോ? രാഷ്ട്രീയമായ നിറം നല്‍കുന്നു എന്നു പറഞ്ഞാല്‍ ആക്രമിക്കലാകുമോ? ആര്‍ക്കും ഇടതുപക്ഷത്തെ എന്തു പറയാം. ഞങ്ങള്‍ രാഷ്ട്രീയമായി മറുപടി പറഞ്ഞാല്‍ അത് എങ്ങനെയാണ് ആക്രമിക്കലാകുന്നത്.
'ആദ്യം അദ്ദേഹം പറഞ്ഞതെന്താണ്? എന്റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ ഇതിവിടെ പറഞ്ഞതെന്നുമാണ്. കൃഷ്ണപ്രസാദിന് പൈസ ജൂലൈയില്‍ തന്നെ കൊടുത്തിട്ടുണ്ട് എന്നതിന്റെ രേഖ മന്ത്രി എടുത്തുകാണിച്ചു. അപ്പോള്‍ പറയുന്നു, കൃഷ്ണപ്രസാദിന്റെ കാര്യമല്ല പറഞ്ഞതെന്ന്. താളവട്ടം സിനിമയില്‍ ജഗതി കുതിരയെ വിഴുങ്ങി എന്നു പറഞ്ഞ് ചാടി നടക്കുന്നില്ല. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ സമാധാനമായി എന്ന് പറയും. കുറച്ചുകഴിഞ്ഞ് താന്‍ വിഴുങ്ങിയത് കറുത്ത കുതിരയല്ല, വെളുത്ത കുതിരയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാന്‍ തുടങ്ങും. അതുപോലെയാണ് ഇവിടേയും അപ്പപ്പോള്‍ തരാതരം പോലെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മാന്യമായ രീതിയില്‍ ഞങ്ങള്‍ തുറന്നുകാട്ടും. അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണ്. അന്തസുള്ള ഭാഷയില്‍ മന്ത്രിമാര്‍ അത് തുറന്നുകാട്ടിയിട്ടുണ്ട്. തെറ്റായിട്ട് ചിത്രീകരിച്ചതുകൊണ്ട് വസ്തുത വസ്തുതയല്ലാതാകില്ല. വസ്തുനിഷ്ഠമല്ലാത്ത കാര്യം ഉന്നയിച്ചു, അതിന് മറുപടി നല്‍കി', രാജേഷ് പറഞ്ഞു. 

Latest News