ദമാം- ജിദ്ദ-ദമാം വിമാന യാത്രക്കിടയിൽ മലയാളി ഡോക്ടറുടെ സമയോചിത ഇടപെടൽ സ്വദേശി വനിതയുടെ ജീവൻ രക്ഷിച്ചു. കിഴക്കൻ പ്രവിശ്യയിലെ ബദർ മെഡിക്കൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ബദർ അൽ ഖലീജ് മെഡിക്കൽ സെന്ററിലെ ഇന്റേണിസ്റ്റ് ഡോ. മുഹമ്മദ് ഫവാസിന്റെ ഇടപെടലാണ് സൗദി വനിതയുടെ ജീവൻ രക്ഷിച്ചത്. ശനിയാഴ്ച ഡോ. ഫവാസ് പരിശുദ്ധ ഉംറ നിർവ്വഹിച്ചതിന് ശേഷം വൈകിട്ട് ആറരക്കുള്ള ഫ്‌ളൈ അദീൽ വിമാനത്തിലാണ് ജിദ്ദയിൽ നിന്നും ദമാമിലേക്ക് പുറപ്പെട്ടത്. വിമാനം പറന്നുയർന്നു ഏകദേശം ഒരു മണിക്കൂറിനു ശേഷം ക്യാപ്റ്റന്റെ അടിയന്തിര സന്ദേശം വരികയായിരുന്നു. യാത്രക്കാരിൽ ആരെങ്കിലും ഡോക്ടർമാരോ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും യാത്രക്കാരിയായ ഒരു സഹോദരിക്ക് മെഡിക്കൽ സഹായം വേണമെന്നായിരുന്നു. ഇത് കേട്ടതോടെ ഡോ. ഫവാസ് സീറ്റിൽ നിന്നും എഴുന്നേറ്റ് തന്റെ സാന്നിദ്ധ്യം അറിയിക്കുകയും രോഗിയുടെ അരികിലെത്തി പരിശോധനക്ക് തുടക്കമിടുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന സ്വദേശി വനിതയുടെ കൂടെ രണ്ടു വയസുള്ള ഒരു കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സീറ്റിലെ യാത്രക്കാരുടെ വിവരമനുസരിച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അബോധാവസ്തയിലാവുകയുമായിരുന്നു.
എയർ ഹോസ്റ്റസ് നൽകിയ ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മതിയായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കൃത്യമായ രോഗ നിർണ്ണയം നടത്താൻ ബുദ്ധിമുട്ടാണെന്നും കൂടുതൽ മെഡിക്കൽ ഉപകരണങ്ങളും അത്യാവശ്യമായ മരുന്നുകളും ലഭിക്കണമെന്നും ഡോക്ടർ ഫവാസ് ആവശ്യപ്പെട്ടു. എയർ ലൈൻ ചട്ടമനുസരിച്ച് ഗവൺമെന്റ് അംഗീകൃത ഡോക്ടറാണെന്നു സ്ഥിരീകരിച്ചതിനു ശേഷമേ കൂടുതൽ ഉപകരണങ്ങളും മരുന്നുകളും ഉള്ള എയ്ഡ് ബോക്‌സ് നൽകാൻ കഴിയൂ എന്നതിനാൽ വിമാനത്തിലെ ക്യാപ്റ്റൻ തന്നെ നേരിട്ട് ഇടപെട്ടു അനുമതി നൽകിയതോടെ ഡോക്ടർ ഫവാസിനു കാര്യങ്ങൾ എളുപ്പമായി. പരിശോധനയിൽ ആസ്മാറ്റിക് അറ്റാക്ക് ആണ് അബോധാവസ്ഥയിൽ ആവാൻ കാരണമെന്നു കണ്ടതോടെ പ്രതിരോധ മരുന്നുകളും ഇഞ്ചക്ഷനും നൽകി. അധികം വൈകാതെ ഇവർ അപകട നില തരണം ചെയ്തു. ആറു മാസം ഗർഭിണിയായ ഈ സ്വദേശി വനിത ആസ്മ രോഗത്തിന് വളരെ നേരത്തെ മുതൽ തന്നെ ചികിത്സയിലായിരുന്നു. ഇവർ അബോധാവസ്ഥയിലായ സമയം തന്നെ ക്യാപ്റ്റൻ അടിയന്തര ലാന്റിംഗിനു എയർ പോർട്ട് അധികൃതരുമായ അനുമതി ചോദിച്ചതിനാൽ റിയാദ് എയർ പോർട്ടിൽ വിമാനം ലാന്റ് ചെയ്യാൻ അനുമതി ലഭിക്കുകയും വിമാനം ലാന്റ് ചെയ്യുകയും ചെയ്തു. വിമാനത്തിൽ അടിയന്തിര ചികിത്സ നൽകിയ ഡോക്ടർ ഫവാസിനെ വിമാനത്തിലെ ക്യാപ്റ്റനും ജീവനക്കാരും മറ്റു യാത്രക്കാരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. വിമാനം റിയാദ് എയർപോർട്ടിൽ ഇറക്കിയതോടെ ഓടിയെത്തിയ മെഡിക്കൽ സംഘവും എയർപോർട്ട് അധികൃതരും അനുമോദനങ്ങൾ നൽകി. സ്വദേശി വനിത താൻ ആരോഗ്യപരമായി പുരോഗതി കൈവരിച്ചതായും ദമാമിലേക്ക് യാത്ര ചെയ്യുന്നതിന് പ്രയാസമില്ലെന്നും അഅവർ പറഞ്ഞു. എന്നാൽ കൂടുതൽ പരിശോധനക്കായി റിയാദിൽ തന്നെ ചികിത്സ നൽകേണ്ടതുണ്ടെന്നും ഇക്കാര്യം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ റിയാദിൽ ഉടൻ എത്തുമെന്നും എയർപോർട്ട് അധികൃതർ ഇവരെ ബോധ്യപ്പെടുത്തുകയും കൂടുതൽ പരിശോധനക്കായി റിയാദിലെ പ്രമുഖ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മലപ്പുറം കൊണ്ടോട്ടി മൊറയൂർ സ്വദേശിയായ ഡോ. ഫവാസ് കഴിഞ്ഞ പത്തു വർഷമായി ബദർ മെഡിക്കൽ ഗ്രൂപ്പിൽ സേവനമാനുഷ്ടിക്കുന്നുണ്ട്. പ്രമുഖ വ്യവസായിയും പ്രവാസ ലോകത്തെ ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായ ബദർ മെഡിക്കൽ ഗ്രൂപ്പ് എം.ഡി അഹമ്മദ് പുളിക്കലിന്റെ ബന്ധു കൂടിയാണ് ഡോ. മുഹമ്മദ് ഫവാസ്
പടം മുഹമ്മദ് ഫവാസ്