കോഴിക്കോട് - കോഴിക്കോട് ബൈപാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാറിന് പിന്നിൽ ബൈക്കിടിച്ച് ബൈക്കിനു പിറകിലിരുന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീണ് എതിരെ വന്ന ലോറിക്കടിയിൽ പെട്ടാണ് മരിച്ചത്. കോഴിക്കോട് കൊമ്മേരി അരീപുറത്ത് പ്രസാദിന്റെ മകൻ പ്രജീഷ് (കണ്ണൻ-23) ആണ് മരിച്ചത്.
നിർദിഷ്ട ആറുവരി പാത ബൈപാസിൽ സേവാമന്ദിരം ഹൈസ്‌കൂളിന് മുൻഭാഗത്ത് വച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് വിഷ്ണുവിനെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.