Sorry, you need to enable JavaScript to visit this website.

സ്വന്തം ഉപഗ്രഹ പദ്ധതിയുമായി ഫേസ്ബുക്ക് വിക്ഷേപണം അടുത്ത വർഷം

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ സ്വന്തം ഉപഗ്രഹമെന്ന പദ്ധതിയുമായി ഫേസ്ബുക്ക്. ലോകത്തിന്റെ മുക്കുമൂലകളിൽ ഇനിയും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരെ കൂടി മുന്നിൽ കണ്ടാണ് ഫേസ്ബുക്കിന്റെ പദ്ധതി. അഥീന എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം അടുത്ത വർഷം ആദ്യം വിക്ഷേപിക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികൾ ഫേസ്ബുക്ക് തുടങ്ങിക്കഴിഞ്ഞു. 
ലോകത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്തതും കാര്യക്ഷമമായി ലഭിക്കാത്തതുമായ മേഖലകളിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ഫലപ്രദമായി എത്തിക്കുകയാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് 'പോയന്റ് വ്യൂ ടെക് എൽഎൽസി' എന്ന പേരിൽ യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ മുമ്പാകെ ഫേസ്ബുക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
സ്വന്തമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ ശ്രമം ഇതാദ്യമല്ല. 
 വിദൂര പ്രദേശങ്ങളിലും ഉൾനാടുകളിലും ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യത്തോടെ 2016 ൽ ഫേസ്ബുക്ക് അക്വില്ല എന്ന പേരിൽ ഒരു ഡ്രോൺ പദ്ധതി ആരംഭിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിനുള്ളിൽ തന്നെ ഒരു ഉപഗ്രഹം എന്ന ആശയമായിരുന്നു ഇത്. എന്നാൽ ഈ വർഷം ആദ്യത്തോടെ പദ്ധതി ഉപേക്ഷിച്ചു.
സ്വന്തം ഇന്റർനെറ്റും സ്വന്തം ഉപഗ്രഹവും എന്ന പദ്ധതികളുമായി ഫേസ്ബുക്കിനു പുറമെ വേെറയും കമ്പനികൾ രംഗത്തുണ്ട്. എലൻ മസ്‌കിന്റെ സ്പെയ്സ് എക്സും സോഫ്റ്റ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള വൺ വെബുമാണ് സ്വന്തമായി ഇന്റർനെറ്റ് ഉപഗ്രഹം എന്ന പദ്ധതിയുമായി രംഗത്തുള്ളത്. ഭൂമിക്ക് ചുറ്റുമായി വലിയൊരു ഉപഗ്രഹ ശൃംഖല തന്നെ വിന്യസിക്കാനാണ് സ്പേയ്സ് എക്സിന്റെ പദ്ധതി.

Latest News