പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയായി

മഞ്ചേരി- പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയായി. പതിനഞ്ചു വില്ലേജുകളില്‍നിന്നായി 238 ഹെക്ടര്‍ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെടും.
മലപ്പുറം ജില്ലയില്‍
1986.64 കോടി രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചത്. ഭൂമി ഏറ്റെടുക്കുന്നത് ദേശീയപാത നിയമം പ്രകാരം ആണെങ്കിലും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം നിര്‍ണയിച്ചത്. ഭൂമിയുടെ അടിസ്ഥാന വിലയ്ക്കു പുറമേ ഗുണനഘടകവും 100 ശതമാനം സമശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ അവാര്‍ഡ് തീയതി വരെ അടിസ്ഥാന വിലയില്‍മേല്‍ 12 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധനവും ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാര തുക കണക്കാക്കിയത്.
ഏറ്റെടുക്കുന്ന ഭൂമിയിലുള്ള മുഴുവന്‍ നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയാണ് സമാശ്വാസ പ്രതിഫലം അടക്കം നഷ്ടപരിഹാരമായി അനുവദിക്കുന്നത്. കാലപ്പഴക്കം പരിഗണിക്കാതെ എല്ലാ നിര്‍മിതികള്‍ക്കും പൊതുമരാമത്ത് വകുപ്പ് കണക്കാക്കുന്ന നിര്‍മാണ ചെലവിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യമില്ലാത്തവരില്‍നിന്നു സാല്‍വേജ് തുക കുറക്കില്ല. പൂര്‍ണതോതില്‍ പണി പൂര്‍ത്തിയാക്കിയ (വൈദ്യുതീകരണവും പ്ലംമ്പിംഗും ഉള്‍പ്പെടെ) കോണ്‍ക്രീറ്റ് താമസ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര അടിക്ക് 5059 രൂപയും ഓടിട്ട കെട്ടിടത്തിന് ചതുരശ്ര അടിക്ക് 4300 രൂപയുമാണ് നഷ്ടപരിഹാരമായി കണക്കാക്കിയത്. നഷ്ടപരിഹാരതുകയുടെ അംഗീകാരത്തിനായി ദേശീയപാത അഥോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ എടപ്പറ്റ, കരുവാരക്കുണ്ട്, പോരൂര്‍, വെട്ടിക്കാട്ടിരി, എളങ്കൂര്‍, കാരക്കുന്ന് വില്ലേജുകളിലേക്ക് 592 കോടി രൂപയുടെ അനുമതിയായി. ബാക്കി വില്ലേജുകളില്‍ ദേശീയപാത അഥോറിറ്റിയുടെ അംഗീകാരം ഓരാഴ്ചയ്ക്കകം ലഭിക്കും. ഈ മാസം ഉടമകള്‍ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കും. ഇതിനു ശേഷം രണ്ടു മാസത്തിനകം ഒഴിഞ്ഞു പോകേണ്ടി വരും.

 

 

Latest News