ട്രെയിനില്‍ യുവതിയെ ശല്യം ചെയ്ത മൂവര്‍സംഘം പിടിയില്‍

കണ്ണൂര്‍ -  കണ്ണൂരില്‍ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം. മൂന്നു പേര്‍ കസ്റ്റഡിയില്‍. മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് നിന്നു കാഞ്ഞങ്ങാടേക്ക് യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
നേരത്തെ പല തവണ മൂവര്‍സംഘം യുവതിക്ക് നേരെ പല വിധത്തിലുള്ള ഉപദ്രവങ്ങളും ചേഷ്ടകളും നടത്തിയിരുന്നു. ട്രെയിന്‍ കണ്ണൂര്‍ വിട്ടതോടെ ഇത് വീണ്ടും ആരംഭിച്ചു. സഹിക്കാനാവാതെ വന്നതോടെ യുവതി  ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. തീവണ്ടിയിലുണ്ടായിരുന്ന സഹയാത്രികര്‍ ഇവരെ തടഞ്ഞുവെച്ചു. വളപട്ടണത്ത് വെച്ച് 3 പേരെ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂവര്‍സംഘം മദ്യ ലഹരിയിലായിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു. ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ കേസ് എടുക്കുക. പ്രതികള്‍ മദ്യപിച്ചതായി റെയില്‍വേ പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്.

 

Latest News