Sorry, you need to enable JavaScript to visit this website.

ടൂറിസം മന്ത്രിയെ വാതോരാതെ പ്രശംസിച്ച് നടന്‍ ജയറാം

കോഴിക്കോട്- കൃഷി വകുപ്പിനെ വിമര്‍ശിച്ച് മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം വിവാദമായിരിക്കെ, ടൂറിസം വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും  പ്രകീര്‍ത്തിച്ച് നടന്‍ ജയറാം. വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ ടീമിനും ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും നടന്‍ കോഴിക്കോട്ട് പറഞ്ഞു.
ഏഴുവേദികളിലായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടി സംഘടിപ്പിച്ചതിനെയും ജയറാം അഭിനന്ദിച്ചു. കോഴിക്കോട്ട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ കാഴ്ചപ്പാടോടെയാണ് ടൂറിസം മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെന്നും അത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതു കൊണ്ടാണ് ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര പ്രസിദ്ധീകരണങ്ങളില്‍ കേരളത്തിന്റെ പേര് വരാന്‍ കാരണമെന്ന് ജയറാം പറഞ്ഞു.
സിനിമാ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലി ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങി നിരവധി ആശയങ്ങള്‍ നടപ്പാക്കാന്‍ മന്ത്രി ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ എന്നോടടക്കം നിരവധി പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. സിനിമാ ടൂറിസവുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു.
ഓണം വാരാഘോഷ ഉദ്ഘാടന ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ടൂറിസം മന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

 

Latest News