Sorry, you need to enable JavaScript to visit this website.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിയിൽ അമിത്ഷായും അധീർ രഞ്ജൻ ചൗധരിയും ഗുലാംനബിയും അംഗങ്ങൾ

ന്യൂദൽഹി-ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കാൻ കേന്ദ്രം രൂപീകരിച്ച എട്ടംഗസമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളായി. 

മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അധ്യക്ഷൻ. 
 ഈമാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമനിർമാണം നടത്തിയേക്കുമെന്ന് അഭ്യൂഹത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. 
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തി കാര്യങ്ങൾ അനുകൂലമാക്കാനാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. അടുത്ത വർഷം പകുതിയോടെ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് ജനുവരിയിലാക്കുക, ഇക്കൊല്ലവും അടുത്ത കൊല്ലവുമായി നടക്കേണ്ട 12 നിയമസഭാ തെരഞ്ഞെടുപ്പുകളും ഒപ്പം നടത്തി പരമാവധി നേട്ടം കൊയ്യുക എന്നതാണ് എൻ.ഡി.എ അജൻഡ എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരിയിലാണ്. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വന്നാൽ ഹിന്ദുവോട്ടിന്റെ ഏകീകരണമുണ്ടാകും എന്നും വിലയിരുത്തുന്നുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി നിരന്തരം ഉയർത്തുന്ന മുദ്രാവാക്യമാണ്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ ചെലവ് കുറയ്ക്കാമെന്നാണ് ന്യായീകരണം. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാദ്ധ്യതകൾ തെരഞ്ഞെടുപ്പ് കമ്മിഷനുൾപ്പടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു.
ഡിസംബറിലോ ജനുവരിയിലോ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിപക്ഷ നേതാക്കളും കരുതുന്നു. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ യോഗം മുംബൈയിൽ ആരംഭിച്ച ദിവസം തന്നെയാണ് ബില്ലിനെ കുറിച്ചുള്ള സൂചനകൾ വന്നതും. ഇന്ത്യ മുന്നണി ശക്തമാകാൻ സമയം നൽകാതിരിക്കുക, ചന്ദ്രയാൻ, ആദിത്യ വിക്ഷേപണം, ജി 20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങൾ വോട്ടാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളും പ്രത്യേക സമ്മേളനം തിടുക്കത്തിൽ വിളിച്ചതിന് പിന്നിലുണ്ട്.  രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത മേയ്മാസത്തിനുള്ളിലും നടക്കണം.
അടുത്ത വർഷം ആന്ധ്ര, അരുണാചൽപ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പുണ്ടാകാം. ഇതെല്ലാം ഒറ്റയടിക്ക് നടത്തി നേട്ടമുണ്ടാക്കാമെന്നതാണ് കണക്കുകൂട്ടൽ. 
അതിപ്രധാനമായ ബില്ലുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റിന്റെ  പ്രത്യേക സമ്മേളനം വിളിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയുള്ള തിയതികളിൽ നടക്കും. ഇതിന്റെ ഭാഗമായി സെക്രട്ടറി തലത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്.  വൺ നേഷൻ വൺ ഇലക്ഷൻ എന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ മുൻ രാഷ്ട്രപതി രാംനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാംനാഥ് കോവിന്ദിന്റെ വസതിയിൽ വച്ചായിരുന്നു മണിക്കൂറിലധികം നീണ്ടുനിന്ന നിർണായക കൂടിക്കാഴ്ച.  

Latest News