നിലവിലുള്ള പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ഒരു പരിധി വരെ പുതിയ കാലഘട്ടത്തിനനുസരിച്ച് മാറ്റിമറിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്കാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് നടപ്പാക്കുക. പൊതുവെ സ്വീകാര്യവും ഭാവി തലമുറയുടെ വിജ്ഞാന സമ്പാദനത്തിനും ഉതകുന്ന രീതിയുള്ള നിർദ്ദേശങ്ങളാണ് ഐ എസ് ആർ ഒ മുൻ മേധാവിയായ ഡോ.കെ. കസ്തൂരി രംഗൻ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ സ്റ്റിയറിംഗ് കമ്മറ്റി കൊണ്ടുവന്നിട്ടുള്ളത്.
വിദ്യാഭ്യാസ മേഖല കാലോചിതമായി പരിഷ്‌കരിക്കുന്നതിൽ രാജ്യം പലപ്പോഴും വേണ്ടത്ര താൽപര്യം കാണിക്കാറില്ല. അതുകൊണ്ട് തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിന് അനുസൃതമായ വിദ്യാഭ്യാസ സമ്പ്രദായമല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്. പഴയ കാലത്തെ അടിസ്ഥാനപ്പെടുത്തി അന്നത്തെ സാഹചര്യങ്ങളുമായി യോജിച്ച് പോകുന്ന തരത്തിലുള്ള സാമ്പ്രദായിക വിദ്യാഭ്യാസ രീതി പുതിയ കാലഘട്ടത്തിലെ തലമുറയ്ക്ക് ഒട്ടും യോജിച്ചതല്ല. പാഠപുസ്തകങ്ങളിൽ എഴുതിവെച്ച കാര്യങ്ങൾ മാത്രം മനപ്പാഠമാക്കി താൽക്കാലികമായ അറിവു സമ്പാദനത്തിനും അത് വഴി തൊഴിൽ നേടുന്നതിനുമുള്ള ഉപാധിയായി മാത്രം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മാറിപോയിരിക്കുന്നു. ഇതിൽ നിന്നുള്ള ഒരു ഉയർത്തെഴുന്നേൽപ്പ് വളരെ അത്യാവശ്യമാണ്.
ഒരു വിദ്യാർത്ഥിയുടെ അറിവ് സമ്പാദനത്തിന്റെ ഏറ്റവും നിർണ്ണായകമായ കാലഘട്ടമാണ് കൗമാരം. കൗമാരകാലത്ത് ഒരു വിദ്യാർത്ഥി എത്തിപ്പെടുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പഠനത്തെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് പ്രവേശനം നേടാനുള്ള ഉപാധിയായി മാത്രമാണ് വിദ്യാർത്ഥികളും ഇന്ത്യൻ സമൂഹവും കാണുന്നതെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിനിടെ ദേശീയ വിദ്യാഭ്യാസ സ്റ്റിയറിംഗ് കമ്മറ്റി തന്നെ അഭിപ്രായപ്പെടുകയുണ്ടായി.
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ കാതലായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുവെന്ന കാര്യം ഒളിച്ചുവെച്ചിട്ട് കാര്യമില്ല. അക്കാദമിക് താൽപര്യങ്ങൾ പലപ്പോഴും ഭരണകൂട താൽപര്യങ്ങൾക്ക് വഴങ്ങുന്നതായി മാറുന്നു. അടുത്ത കാലത്ത് പല ചരിത്ര സംഭവങ്ങളും എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിച്ചുരുക്കുകയും പകരമായി മറ്റ് പലതും തിരുകിക്കയറ്റുകയും ചെയ്തതിലൂടെ ഇത് പകൽപോലെ തെളിഞ്ഞിരിക്കുകയാണ്. ഭരണകൂടങ്ങൾ കാലോചിതമായ രീതിയിൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് മുതിരുന്നില്ലെന്ന് മാത്രമല്ല, കേവലമായ രാഷ്ട്രീയ താൽപര്യങ്ങൾ പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് കയറ്റിവിടുകയും ചെയ്യുന്നു.
കാലഘട്ടത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് ഏത്രയും പെട്ടെന്ന് മാറ്റങ്ങൾ വരുത്തേണ്ടതാണ് വിദ്യാഭ്യാസ രംഗം. വികസിത രാജ്യങ്ങളിലും മറ്റും ഇത്തരം മാറ്റങ്ങൾ വളരെ പ്രകടമാകുന്നതായി കാണാം.
കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകളും പഠനരീതികളുമല്ല ഇന്ത്യയിലെ സർവ്വകലാശാലകളിൽ നിലനിൽക്കുന്നത്. 1970 കളിലും 80 കളിലുമൊക്കെ നിലനിന്നിരുന്ന പരമ്പരാഗത പഴഞ്ചൻ കോഴ്‌സുകൾ പോലും ഈ കാലഘട്ടത്തിലും പല സർവ്വകലാശാലകളിലും ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരുക്കുന്നുണ്ട്. ശാസ്ത്രവും സമൂഹവും ഏറെ മുന്നോട്ട് പോയിട്ടും അതിന്റെ പ്രതിഫലനങ്ങളൊന്നും ഇപ്പോഴും കാര്യമായ രീതിയിൽ പാഠ്യപദ്ധതിയിൽ വരുത്തിയിട്ടില്ല. ഡിജിറ്റൽ യുഗത്തിലും കാളവണ്ടി യുഗത്തിലെ കാര്യങ്ങളാണ് പലപ്പോഴും പഠിപ്പിച്ചുകൊണ്ടിരുക്കന്നതെന്നർത്ഥം. അടുത്ത തലമുറയെ മുന്നിൽ കണ്ട് കൊണ്ട് അക്കാദമിക് പ്രൊഫഷണലുകൾ നയിക്കുന്ന സർവ്വകലാശാലകളിലും പുതിയ കാലഘട്ടത്തെ ഉൾക്കൊള്ളുന്ന കോഴ്‌സുകൾ ഉണ്ടെന്ന കാര്യം കണ്ടില്ലെന്ന് നടിക്കുന്നില്ല. എന്നാൽ അത് വളരെ പരിമിതമായ തോതിൽ മാത്രമാണ്.
വിദ്യാഭ്യാസമെന്നത് കേവലമായ അറിവ് നേടൽ മാത്രമല്ല, ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഭാവി തലമുറയെ വാർത്തെടുക്കുന്ന പ്രക്രിയ കൂടിയാണത്. സാമൂഹ്യമായ പരിഷ്‌കരണങ്ങൾ കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കുന്നത്.
ഈ യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ടായിരിക്കണം വിദ്യാഭ്യാസ മേഖലയിൽ ഇടപെടേണ്ടത്. വിദ്യാർത്ഥികളുടെ ആന്തരികമായ പാകപ്പെടുത്തലുകളും പരിഷ്‌കരങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്.
പുതുതായി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ പ്രകടമായ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ ഇത് തയ്യാറാക്കിയ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തൊഴിൽ സമ്പാദനത്തിന് വേണ്ടി മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല വിദ്യാഭ്യാസമെന്ന ബോധ്യത്തോടെയാണ് സമിതി പ്രവർത്തിച്ചിട്ടുള്ളതെന്ന് വ്യക്തം.
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ പാടെ പൊളിച്ചെഴുതുന്നതിന് സമിതി മുതിർന്നിട്ടില്ല. പരമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചില കാതലായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. നിലവിലുള്ള പരമ്പരാഗത പരീക്ഷാ രീതികൾ പുനർക്രമീകരണം നടത്തുന്നുവെന്നാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷകൾ എഴുതി അവരുടെ പഠനമൂല്യത്തെ അളക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവസരം നൽകുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ഒരു വർഷം കൊണ്ട് പഠിച്ചതെല്ലാം കേവലം പരീക്ഷാ ഹാളിലെ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് പരീക്ഷണത്തിന് വിധേയമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു വിദ്യാർത്ഥിയുടെ ഭാവി നിർണ്ണയിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് രാജ്യത്ത് നിലവിലുള്ളത്. അതിൽ നിന്നുള്ള വളരെ നിർണ്ണായകമായ മാറ്റമാണ് വരാൻ പോകുന്നത്.
വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷ നടത്തുന്നത്. ഉയർന്ന മാർക്ക് ലഭിക്കുന്നത് ഏത് പരീക്ഷയിലാണോ അതിന്റെ മാർക്കാണ് നിലനിർത്തുക.
ശരിയായി പഠിച്ച വിഷയങ്ങളിൽ മാത്രം പരീക്ഷ എഴുതാനുള്ള അവസരവും ഭാവിയിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നുണ്ട്. കുട്ടികളിൽ പഠന സമ്മർദ്ദം കുറയ്ക്കുകയെന്നതിനാണ് പുതിയ പാഠ്യപദ്ധതിയിൽ പ്രാമുഖ്യം കൊടുക്കുന്നത്.
നിലവിൽ പത്താം ക്ലാസ് വരെ വാർഷിക രീതിയും 11, 12 ക്ലാസുകളിൽ ദൈ്വവാർഷിക രീതിയുമാണ് പിന്തുടരുന്നത്. എന്നാൽ പുതിയ പാഠ്യപദ്ധതിയിൽ സെമസ്റ്റർ രീതിയും വാർഷിക രീതിയുമായിരിക്കും നടപ്പാക്കുക. ഇതിന് പുറമെ ഭാഷാ പഠനവുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ പോകുന്നുണ്ട്.
ഇന്ത്യയിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യം വിട്ടു പോകുന്നവരുടെ എണ്ണം ഓരോ വർഷവും അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സർവ്വകലാശാലകൾ വേണ്ടത്രയില്ലെന്നതാണ് ഇതിന്റെ കാരണം.
ഇതിനെല്ലാം രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയായി അത് മാറും.






