വ്യാജ വാര്‍ത്താ ലിങ്കുകള്‍ക്കും വാട്‌സാപ്പ് തടയിടുന്നു

ന്യൂദല്‍ഹി- വ്യാജ വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്ന വാട്‌സാപ്പ് ഇത്തരം വാര്‍ത്തകളുടെ ലിങ്കുകള്‍ തടയാനും നടപടി സ്വീകരിക്കുന്നു. സംശയകരമായ ലിങ്കുകളെ 'സസ്പീഷ്യസ്' എന്ന് ടാഗ് ചെയ്യുന്ന പുതിയ ഫീച്ചറാണ് വാട്‌സാപ്പ് പരീക്ഷണാര്‍ത്ഥം അവരതരിപ്പിച്ചിരിക്കുന്നത്. ഇതു ആന്‍ഡ്രോയ്ഡില്‍ മാത്രമാണ് തുടക്കത്തില്‍ ലഭ്യമാകുക. കഴിഞ്ഞയാഴ്ച വാട്‌സാപ്പ് മെസേജ് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഒരേ സമയം അഞ്ചു പേര്‍ക്കു മാത്രമെ ഒരു മേസേജ് ഫോര്‍വേഡ് ചെയ്യാന്‍ കഴിയൂ. 

വ്യാജ വാര്‍ത്തകളെയും കിവംദന്തികളേയും തുടര്‍ന്ന് ഇന്ത്യയില്‍ പലയിടത്തും ആള്‍ക്കൂട്ട കൊലപാതകം പതിവായതോടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ ശക്തമായ നടപടികളെടുക്കാന്‍ വാട്‌സാപ്പിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരും വാട്‌സാപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് വാട്‌സാപ്പ് കൂടുതല്‍ പുതിയ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു വരുന്നത്.  വ്യാജ വാര്‍ത്ത തടഞ്ഞില്ലെങ്കില്‍ ഇതുമൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ അടക്കമുള്ള കേസുകളില്‍ കമ്പനിക്കെതിരെ പ്രേരണാ കുറ്റം ചുമത്തുമെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും വാട്‌സാപ്പിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
 

Latest News