പാക് തെരഞ്ഞെടുപ്പ്: ഭീകരവാദ പശ്ചാത്തലമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ ബുധനാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭീകരര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ പിന്നില്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅത്തു ദഅവ നേതാവ് ഹാഫീസ് സഈദ് രൂപീകരിച്ച മില്ലി മുസ്ലിം ലീഗ് (എം.എം.എല്‍) എന്ന പാര്‍ട്ടി വളരെ പിന്നിലാണ്. ഒരിടത്തും ജയസാധ്യത പോലുമില്ലെന്നാണ് ഫലസൂചനകള്‍. ഔദ്യോഗിക ഫല പ്രഖ്യാപനം വരാനരിക്കുന്നതെ ഉള്ളൂ. ദേശീയ അസംബ്ലി സീറ്റുകളിലും പ്രവിശ്യാ അസംബ്ലികളിലേക്കുള്ള സീറ്റുകളിലും എം.എം.എല്‍ പിറകിലാണ്. ദേശീയ അസംബ്ലിയിലേക്കു മത്സരിക്കുന്ന ഹാഫിസ് സഈദിന്റെ മകന്‍ തല്‍ഹയും പ്രവിശ്യാ അസംബ്ലിയിലേക്കു മത്സരിക്കുന്ന മരുമകന്‍ ഖാലിദ് വാഹിദും തോല്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭീകര ബന്ധമുള്ള സംഘടനകള്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് ഫലം നല്‍കുന്ന സൂചന.

നിരോധിക്കപ്പെട്ട പാര്‍ട്ടിയായ എം.എം.എല്ലിന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ രജിസ്‌ട്രേഷന്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് അല്ലാഹു അക്ബര്‍ തഹ്രീക് (എ.എ.ടി) എന്ന പേരിലാണ് സഈദിന്റെ പാര്‍ട്ടി 80 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. സഈദ് നേരിട്ടു തന്നെ പ്രചാരണത്തിനിറങ്ങുകളും നിരവധി റാലികളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പുറത്തു ഫലം വ്യക്തമാക്കുന്നത് സഈദിന്റെ പാര്‍ട്ടിയുടെ സാന്നിധ്യം ഇംറാന്‍ ഖാന്റെ പി.ടി.ഐക്കോ നവാസ് ശരീഫിന്റെ പി.എം.എല്‍-എന്നിനോ വെല്ലുവിളിയായിട്ടില്ലെന്നാണ്. അതേസമയം ഭീകര പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യപ്പെട്ട മൗലാന മുഹമ്മദ് അഹ്മദ് ലുധിയാന്‍വി 45,000 വോട്ടു നേടി. ഇദ്ദേഹത്തിനും ജയസാധ്യതയില്ലെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിരവധി ഭീകര പശ്ചാത്തലമുള്ള സംഘടനകളുടെ കടന്നു വരവിന് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഭീകരരെ രാഷ്ട്രീയത്തിലിറക്കുന്നതോടെ അവരില്‍ നിന്നു നേരിടുന്ന ഭീഷണിയെ ഇല്ലാതാക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍. ഇവര്‍ മുഖ്യധാരാ പാര്‍ട്ടികളുടെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നും വോട്ടുകള്‍ നേടുമെന്നുമുള്ള ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ ഉണ്ടായില്ലെന്നാണ് ഫല സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. 

തെഹ്രീകെ ലബ്ബൈക്ക് പാക്കിസ്ഥാന്‍ നൂറിലേറെ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിരുന്നെങ്കിലും ഒരിടത്തും മുന്നിലെത്തിയിട്ടില്ല. ഏറ്റവും വലിയ മത സംഘടനകളുടെ സഖ്യമായ മുത്തഹിദ മജ്‌ലിസെ അമലിന് വെറും എട്ടു സീറ്റുകളില്‍ മാത്രമാണ് ലീഡ്.
 

Latest News