ഒട്ടാവ- കാനഡയും ഇന്ത്യയും തമ്മിലുള്ള നിര്‍ദിഷ്ട വ്യാപാര കരാര്‍ ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. പ്രാരംഭ കരാര്‍ ഈ വര്‍ഷം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കാനഡ പി്ന്മാറിയിരിക്കുന്നത്.
കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുന:രാരംഭിച്ചത്.
വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയകളാണെന്നും തങ്ങള്‍ എവിടെയാണെന്നതിന്റെ വിലയിരുത്തല്‍ നടത്താന്‍ താത്ക്കാലികമായി നിര്‍ത്തുകയാണെന്നാണ് കാനഡയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടുത്ത ആഴ്ച ന്യൂദല്‍ഹി സന്ദര്‍ശിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്.
ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്താന്‍ നേരത്തെ തന്നെ കാനഡ ശ്രമിച്ചിരുന്നു. എന്തുകൊണ്ടാണ് ചര്‍ച്ച നിര്‍ത്തുന്നതെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.
വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം വിപുലീകരിക്കുന്നതിനും തര്‍ക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം രൂപീകരിക്കുന്നതിനൊപ്പം ഈ വര്‍ഷം ഒരു പ്രാരംഭ കരാര്‍ ഒപ്പിടാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയും കാനഡയും മെയ് മാസത്തിലാണ് പ്രസ്താവിച്ചത്.
അടുത്തയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ന്യൂദല്‍ഹി പദ്ധതിയിട്ടതായി കഴിഞ്ഞ മാസം ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പുതിയ സംഭവ വികാസത്തില്‍ ട്രൂഡോയുടെയും വ്യാപാര മന്ത്രി മേരി എന്‍ജിയുടെയും ഓഫീസുകള്‍ പ്രതികരിച്ചില്ല.