കൊച്ചി - ആദ്യകാല നാടക-സിനിമ നടൻ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിൽ വർഗീസ് കാട്ടിപ്പറമ്പൻ (88) അന്തരിച്ചു. ഒരുസമയത്ത് സിനിമയിലും നാടകത്തിലും നായകനായി നിറഞ്ഞുനിന്ന അഭിനേതാവാണ്. നാടകവേദികളിൽ 'സ്റ്റേജിലെ സത്യൻ' എന്നായിരുന്നു വർഗീസ് അറിയപ്പെട്ടിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ഈ വിളിപ്പേരിനു കാരണമെന്ന് പഴമക്കാർ പറഞ്ഞു.
1971-ൽ പുറത്തിറങ്ങിയ 'അനാഥശില്പങ്ങൾ' എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ വർഗീസ് കാട്ടിപ്പറമ്പൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയിൽ ഷീലയായിരുന്നു വർഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയിൽ രാഗിണി, ജയഭാരതി എന്നിവർ നായികമാരായി. ശേഷം സിനിമയിൽ സജീവമായിരുന്നില്ല.
1954-ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയിൽ നായകനായാണ് നാടകരംഗത്തെ ചുവടുകൾ. തുടർന്ന് കൈരളി തീയറ്റേഴ്‌സ്, പീപ്പിൾ തീയറ്റേഴ്‌സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീത, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ പല ട്രൂപ്പുകൾക്കു വേണ്ടിയും നായകനായി വേഷമിട്ടു. ആകാശവാണി നാടകങ്ങളിലെ സ്ഥിരം സാന്നിധ്യവും എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരമടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. തൃപ്പൂണിത്തുറ അമ്പലത്തിങ്കൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ. അനിത റോസ്, ആർളിൻ റോസ്, പരേതനായ അലൻ റോസ് എന്നിവർ മക്കളാണ്. ഷാർമിള ആർളിൻ, എം.പി വർഗീസ് (എഫ്.എ.സി.ടി. ഉദ്യോഗമണ്ഡൽ) എന്നിവർ മരുമക്കളാണ്. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.