Sorry, you need to enable JavaScript to visit this website.

രണ്ടാം വന്ദേഭാരത് ചെന്നൈയില്‍നിന്നു പുറപ്പെട്ടു;  ഇന്ന് മംഗളുരുവിലെത്തും, റൂട്ട് തീരുമാനം ഉടന്‍ 

പാലക്കാട്: ദക്ഷിണ റെയില്‍വേയ്ക്കു അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍നിന്നു പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനില്‍നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്കാണ് കൈമാറിയത്. ഇതോടെ ട്രെയിന്‍ കേരളത്തിനു തന്നെയാണെന്ന് ഉറപ്പായി. ശനിയാഴ്ച ട്രെയിന്‍ മംഗളൂരുവിലെത്തും.
സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ റൂട്ട് തീരുമാനിക്കുമെന്നാണ് അറിയുന്നു. മംഗളൂരു തിരുവനന്തപുരം, മംഗളൂരു എറണാകുളം, മംഗളൂരു കോയമ്പത്തൂര്‍, മഡ്ഗാവ്(ഗോവ) എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനില്‍ തിരുനെല്‍വേലി ചെന്നൈ എഗ്മൂര്‍ റൂട്ടും പരിഗണനയിലുണ്ട്.
ഡിസൈനില്‍ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവില്‍ എത്തിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്)നിന്നു ദക്ഷിണ റെയില്‍വേ, പശ്ചിമ റെയില്‍വേ, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ എന്നിവയ്ക്കായി ഓരോ ട്രെയിനുകളാണു കൈമാറിയത്.
യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാള്‍ മുന്നിലാണ് കേരളത്തിനു നേരത്തേ അനുവദിച്ച വന്ദേഭാരത് ട്രെയിന്‍. 100 സീറ്റിന് 183 യാത്രക്കാര്‍ എന്ന തോതിലാണ് കാസര്‍കോട് തിരുവനന്തപുരം റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്നു തിരികെയുള്ള സര്‍വീസില്‍ 100 സീറ്റിന് 173 യാത്രക്കാര്‍ എന്നതാണു തോത്.

Latest News