തിരുവനന്തപുരം - സിറ്റി പോലീസ് ഇനി വിദേശ പോലീസിന്റെ മാതൃകയില്‍ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡില്‍ കറങ്ങി നടന്നു നിരീക്ഷണം നടത്തും. ട്രാഫിക് പോലീസ് ഈ സംവിധാനം ഉപയോഗിച്ച് പട്രോളിങ് ആരംഭിച്ചു. രണ്ടു ചെറിയ വീലുകളും ഒരു ഹാന്‍ഡിലും നില്‍ക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമും അടങ്ങിയതാണ് ഹോവര്‍ പട്രോളിങ് സംവിധാനം.
സെല്‍ഫ് ബാലന്‍സിംഗ് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. മോട്ടര്‍ സൈക്കിളുകളും ഫോര്‍വീലറുകളും ഉപയോഗിച്ച് പട്രോളിങ് നടത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഇനി മുതല്‍ ഇലക്ട്രിക് ഹോവര്‍ ഉപയോഗിച്ചാണ് സഞ്ചാരം. ആദ്യഘട്ടത്തില്‍ മാനവീയം വീഥി, കനകക്കുന്ന്, കിഴക്കേകോട്ട തുടങ്ങി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കും.
ഒരു പോലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ടു ഹാന്‍ഡില്‍ ഇടത്തോട്ടും വലത്തോട്ടും ചരിച്ച് വാഹനത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കഴിയും. ഉദ്യോഗസ്ഥന്റെ ശരീരചലനങ്ങള്‍ക്ക് അനുസരിച്ച് വേഗം കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഹോവര്‍ ബോര്‍ഡുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനവും ബീക്കണ്‍ ലൈറ്റും എല്‍ഇഡി ഹെഡ്‌ലൈറ്റും ഉണ്ട്. 120 കിലോ ഭാരം വരെ ഹോവര്‍ ബോര്‍ഡ് വഹിക്കും. 20 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ഉദ്ഘാടനം കഴിഞ്ഞ ദിവസം മാനവീയം വീഥിയില്‍ കമ്മിഷണര്‍ സി. നാഗരാജു നിര്‍വഹിച്ചു. കൊച്ചി പൊലീസാണ് ഇലക്ട്രിക് ഹോവര്‍ ആദ്യമായി ഉപയോഗിച്ചത്.






