Sorry, you need to enable JavaScript to visit this website.

റിലയന്‍സിന്റെ റഫാല്‍ ഇടപാടില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് രാഹുലിനോട് അംബാനി

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അഴിമതിയുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് റിലയന്‍സിന്റെ മറുപടി. റഫാല്‍ പോര്‍വിമാനം നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസോയുമായി റിലയന്‍സ് ഡിഫന്‍സ് ഉണ്ടാക്കിയ കരാറിന് സര്‍ക്കാരുമായി ബന്ധമില്ലെന്നും ഇതു രണ്ടു കോര്‍പറേറ്റ് കമ്പനികള്‍ തമ്മിലുള്ള സ്വതന്ത്ര ഇടപാടാണെന്നും വിശദീകരിച്ച് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഉടമ അനില്‍ അംബാനി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മറ്റു നേതാക്കള്‍ക്കും അയച്ച കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രതിരോധ രംഗത്ത് റിലയന്‍സ് ഡിഫന്‍സിന് ആവശ്യമായ വൈദഗ്ധ്യം ഉണ്ടെന്നും അനില്‍ അംബാനി അവകാശപ്പെടുന്നു. 

2017 ഡിസംബര്‍ 12-ന് എഴുതിയ കത്താണ് ഇതെങ്കിലും കോണ്‍ഗ്രസ് മുന്‍ ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. റഫാല്‍ ഇടപാടില്‍ റിലയന്‍സിന്റെ ദുരൂഹമായ പങ്ക് തുറന്നുകാട്ടി കഴിഞ്ഞ ദിവസം വരെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിറകെയാണ് അനില്‍ അംബാനിയുടെ പഴയ കത്ത് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനു നല്‍കിയ 45,000 കോടി രൂപയുടെ കരാറാണ് മോഡി സര്‍ക്കാര്‍ 35,000 കോടിയുടെ കടബാധ്യതയില്‍ മുങ്ങിക്കഴിയുന്ന അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനിക്ക് നല്‍കിയത്. 

യുപിഎ സര്‍ക്കാരുണ്ടാക്കിയ റഫാല്‍ കരാറില്‍ മാറ്റം വരുത്തി 2015-ലാണ് മോഡി സര്‍ക്കാര്‍ ഫ്രാന്‍സുമായി പുതിയ കരാറുണ്ടാക്കിയത്.  2015 ഏപ്രില്‍ 10-നായിരുന്നു പുതിയ കരാറിന്റെ പ്രഖ്യാപനം. ഇതിനു തൊട്ടുപിറകെയാണ് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷന്‍ ലിമിറ്റഡ് വെറും 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി കരാറുണ്ടാക്കിയത്. വിമാനങ്ങള്‍ നിര്‍മ്മിച്ചു പരിചയമുള്ള സര്‍ക്കാര്‍ കമ്പനിയായ എച്ച്.എ.എല്ലിനെ തഴഞ്ഞ് വെറും 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച കമ്പനിക്ക് 45,000 കോടിയുടെ കരാര്‍ എങ്ങനെ ലഭിച്ചുവെന്ന് പ്രധാനമന്ത്രി മോഡി മറുപടി നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടു വരുന്നത്. ഈ രഹസ്യം പുറത്തു വിടരുതെന്ന് ഫ്രാന്‍സുമായി കരാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ 2008-ലെ രഹസ്യ സൂക്ഷിപ്പു കരാറില്‍ 2015ലെ റഫാല്‍ കരാര്‍ ഉള്‍പ്പെടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
 

Latest News