മുംബൈ- പ്രതിപക്ഷം ഒരുമിച്ചുനിന്നാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിൽ പ്രതിപക്ഷപാർട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ'യുടെ ദ്വിദിന യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ഈ വേദിയിലുളളവർ ഇന്ത്യൻ ജനസംഖ്യയുടെ 60 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. വേദിയിലുള്ള പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം അസാധ്യമായിരിക്കും, രാഹുൽ ഗാന്ധി പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഏറ്റവും കാര്യക്ഷമമായി രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.