മുംബൈ- മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, അടുത്തിടെ സര്‍ക്കാരിന്റെ ഭാഗമായ എന്‍.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എന്നിവര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് സൂചന. അജിത് പവാര്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ വകുപ്പില്‍നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രം തനിക്ക് അയച്ചാല്‍ മതിയെന്ന് ഷിന്‍ഡെ നിര്‍ദ്ദേശം നല്‍കിയതോടെയാണിത്.
ചട്ടപ്രകാരം ധനകാര്യ മന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയാണ് ചെയ്യുക. ഈ രീതിയാണ് ഷിന്‍ഡെ ഇടപെട്ട് മാറ്റിയിരിക്കുന്നത്. അജിത് പവാറും സംഘവും സര്‍ക്കാരിന്റെ ഭാഗമായെത്തിയത് ഇപ്പോഴും ദഹിക്കാത്ത ഷിന്‍ഡെപക്ഷ എം.എല്‍.എമാരുണ്ട്. അജിത് പവാറിന്റെയും സംഘത്തിന്റെയും വരവോടെ തങ്ങളുടെ വിലപേശല്‍ കരുത്ത് കുറഞ്ഞെന്ന് വികാരമാണ് ഇവര്‍ക്കുള്ളത്.
അതേസമയം, ഷിന്‍ഡെയെയും സംഘത്തെയും 'നിലയ്ക്കു നിര്‍ത്താനുള്ള' ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് പവാറിനെ സര്‍ക്കാരിന്റെ ഭാഗമാക്കിയത് എന്നും വിലയിരുത്തലുണ്ട്. അജിത് പവാറും കൂട്ടരും എത്തിയതോടെ ഷിന്‍ഡെയുടെ വിശ്വസ്തര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. ഷിന്‍ഡെയെ നീക്കി പവാറിനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇടക്കാലത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും, സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതു നിഷേധിച്ചു.