Sorry, you need to enable JavaScript to visit this website.

വാണിജ്യ സിലിണ്ടറിനും വിലകുറച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി- ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എല്‍.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോഗ്രാം എല്‍.പി.ജിക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതോടെ ദല്‍ഹിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ 1522 രൂപ ആയി കുറയും.
നേരത്തെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു. ദാരിദ്ര്യരേഖക്കു താഴെയുള്ള സ്ത്രീകള്‍ക്ക്, പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിന്‍ഡര്‍ വിലയില്‍ 200 രൂപ സബ്‌സിഡി നല്‍കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തില്‍, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കള്‍ക്ക് മൊത്തം 400 രൂപയുടെ ഇളവ് ലഭിക്കും. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിനാണ് നിരക്കിളവ്.
നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണെന്ന വിമര്‍ശവുമായി പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

 

Latest News