Sorry, you need to enable JavaScript to visit this website.

കീറിയ ജീന്‍സിട്ട് വരരുത്, വിദ്യാര്‍ഥികളോട് കൊല്‍ക്കത്ത കോളജ്

കൊല്‍ക്കത്ത- വിദ്യാര്‍ഥികള്‍ കീറലുള്ള ജീന്‍സിട്ട് കാമ്പസിനകത്ത് പ്രവേശിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ കോളേജ്. ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജ് ആണ് പുതുതായി കോളേജില്‍ ചേരുന്ന വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കീറിപ്പറിഞ്ഞ ജീന്‍സ് പോലെയുള്ള 'മാന്യമല്ലാത്ത' വസ്ത്രങ്ങള്‍ കാമ്പസിനകത്ത് ധരിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷവും സമാനമായി കോളേജ് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ഥികളോ ജീവനക്കാരോ കീറിപ്പറിഞ്ഞതോ, സമാന രീതിയിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും അത് മാന്യമല്ലാത്തതാണെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
കോളേജില്‍ കീറിപ്പറിഞ്ഞ ജീന്‍സ് ധരിച്ചെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നോട്ടീസ് പുറത്തിറക്കിയത്. അത്തരം വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടല്ല വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തേണ്ടത്. മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ഒരിക്കലും കോളേജില്‍ അനുവദിക്കില്ല. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും പ്രിന്‍സിപ്പല്‍ പുര്‍ണചന്ദ്ര മെയ്തി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കോളേജിന് പുറത്ത് എന്തുവേണമെങ്കിലും ധരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News