Sorry, you need to enable JavaScript to visit this website.

വിഷം വമിക്കുന്ന മനസ്സുകൾ

ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ രാജ്യത്ത് നിത്യസംഭവമായിരിക്കുന്നു. യു.പിയിൽ മുസ്‌ലിം കുട്ടിയെ സഹപാഠികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപിക നടുക്കുന്ന കാഴ്ചയായിരുന്നു. ഉത്തർപ്രദേശ് ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണ് ഇപ്പോൾ. നാല് ദളിത് യുവാക്കളെ തലകീഴായി തൂക്കിയിട്ട് മർദിക്കുന്ന ക്രൂരമായ കാഴ്ച ഏതാനും ദിവസം മുമ്പാണ് പുറത്തുവന്നത്. നാം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും അപ്രസക്തമാക്കുന്ന സവർണ ഭരണത്തിലേക്ക് രാജ്യം നീങ്ങിക്കഴിഞ്ഞു.
 

ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ ഒരു മുസ്‌ലിം സഹപാഠിയെ മർദിക്കാൻ രണ്ടാം ക്ലാസിലെ ആൺകുട്ടികളോട് അധ്യാപിക ഉത്തരവിടുന്നതും ആൺകുട്ടിയുടെ മതപരമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നതും നമ്മുടെ വർഗീയ കാലത്തിന്റെ ഏറ്റവും വേദനാജനകമായ അടയാളമാണ്. വൈറലായ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗുണനപ്പട്ടിക വായിക്കുന്നതിൽ ആൺകുട്ടി പരാജയപ്പെട്ടതാണ് കുട്ടികളെക്കൊണ്ട് ഇടിപ്പിക്കാൻ കാരണമെന്നാണ് അധ്യാപിക പറയുന്നത്. യഥാർത്ഥത്തിൽ ഒരു മുസ്‌ലിം ആയതിന്റെ പേരിൽ കുട്ടി ശിക്ഷിക്കപ്പെടുകയായിരുന്നു. 

പശുക്കടത്ത്, ഗോമാംസം വിൽക്കൽ, ഹിന്ദു പ്രദേശത്തേക്ക് പ്രവേശിക്കൽ, മുസ്‌ലിം ആവുക എന്നിങ്ങനെയുള്ള കാരണങ്ങളാൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നതിൽ നിന്ന് വ്യത്യസ്തമല്ല ഈ നടപടി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവൃത്തികൾ ഇപ്പോൾ സാധാരണമായിരിക്കുന്നു. വർഗീയത, മതവിവേചനം, അധികാര രാഷ്ട്രീയം തുടങ്ങിയ രാഷ്ട്രീയ പദാവലികളെക്കുറിച്ച് അധികം അറിയാത്ത കൊച്ചുകുട്ടികളുടെ മനസ്സിലും അത്തരം വിദ്വേഷമാണ് ഇപ്പോൾ ക്ലാസ് മുറിയിലും പടർത്തിവിടുന്നത്. ഇത് കുഞ്ഞുമനസ്സുകളിൽ വിഷം കുത്തിവെക്കുകയും മുസ്‌ലിം, അമുസ്‌ലിം ദ്വന്ദം കൃത്യമായി നിർവചിക്കുകയും മതപരമായ അപരവിശ്വാസം ഒന്നുകൊണ്ടു മാത്രം സുഹൃത്തിനെ ആക്രമിക്കുന്നത് നിയമാനുസൃതമാക്കുകയും ചെയ്യുന്നു.

അധ്യാപിക ആദ്യം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ക്ഷമാപണം നടത്താതിരിക്കുകയും ചെയ്തു. ക്ലാസ് മുറികളിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന, ന്യൂനപക്ഷ സമുദായാംഗങ്ങളോടുള്ള വിവേചനവും ആക്രമണവും സാധാരണമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാകാൻ മാത്രമേ അവർക്ക് കഴിയൂ. അവരുടെ ശിക്ഷയുടെ നിന്ദ്യവും മനുഷ്യത്വരഹിതവുമായ സ്വഭാവവും മുസ്‌ലിം കുട്ടിയിലും അവന്റെ സഹപാഠികളിലും അത് ചെലുത്തുന്ന സ്വാധീനവും അവർക്ക് സങ്കൽപിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. ക്ലാസ് മുറികൾ രോഗബാധിതമാകുകയും സ്‌കൂളുകളിലും കോളേജുകളിലും വർഗീയ ധ്രുവീകരണവും ബ്രാൻഡിംഗും നടക്കുകയും ചെയ്യുന്ന നിർഭാഗ്യകരമായ അവസ്ഥ. ഇത് വളരെ പ്രകടമായ യു.പി പോലുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഡിസംബറിൽ മണിപ്പാൽ സർവകലാശാലയിലെ ഒരു മുസ്‌ലിം വിദ്യാർഥിയെ അധ്യാപകൻ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബുമായി താരതമ്യപ്പെടുത്തുന്നതും വിദ്യാർഥി അത് പരസ്യമായി ചോദ്യം ചെയ്യുന്നതും രാജ്യമെമ്പാടും ചർച്ചയായിരുന്നു. ഇത്തരം വേറെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയിൽ ചിലത് മാത്രമേ പരസ്യമാകൂ. വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വ്യത്യസ്തതയുടെയും മുൻവിധികളുടെയും ആശയങ്ങൾ യുവ മനസ്സുകളിലേക്ക് സൂക്ഷ്മമായി കൈമാറുകയാണ് ചെയ്യുന്നത്.

അധ്യാപികക്കെതിരെ യു.പി പോലീസ് കേസെടുത്തു, സ്‌കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ അവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ദുർബലമാണ്, അവരെ അറസ്റ്റ് ചെയ്തിട്ടില്ല.  വിദ്യാഭ്യാസ അവകാശ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ പ്രകാരം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസ് പുറപ്പെടുവിക്കുകയും സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജ്യം അതിന്റെ ചാന്ദ്ര ദൗത്യ വിജയത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം ഇരുണ്ട സംഭവങ്ങൾ ഉണ്ടാകുന്നത്. അധ്യാപികയെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കൂടുതൽ തെളിവുകളൊന്നും വാസ്തവത്തിൽ ആവശ്യമില്ല. ചുരുങ്ങിയത് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനെങ്കിലും ഉത്തരവാദിത്തമുള്ള ഒരു സർക്കാരിന് സാധിക്കും. എന്നാൽ അതുണ്ടായില്ല എന്നത് ഇത്തരം വിധ്വംസക പ്രവൃത്തികൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്.

കുറ്റവാളികളുടെ സമുദായം ഉന്നതമാണെങ്കിൽ നിയമസംവിധാനം നിശ്ശബ്ദമാകുന്നതിന് ഉദാഹരണം ഇതാദ്യമായല്ല. ലോക കായികവേദികളിൽ രാജ്യത്തിന്റെ അന്തസ്സ് പലതവണ ഉയർത്തിയ ഗുസ്തി താരങ്ങളുടെ സമരത്തിനുണ്ടായ ഗതി ഇക്കൂട്ടത്തിലെ ഏറ്റവും സമകാലീന ഉദാഹരണമാണ്. ഒളിംപിക് മെഡൽ പോലും നേടിയ കായിക താരങ്ങളാണ് ആഴ്ചകളോളം ദൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തുകയും ഒടുവിൽ പരിഹാസ്യരായി മടങ്ങുകയും ചെയ്തത്. നിരവധി യുവ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേടിട്ട ബി.ജെ.പി നേതാവും എം.പിയുമായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയാറായില്ല. അയാൾക്കെതിരെ ദൽഹി പോലീസ് കേസെടുക്കാൻ നിർബന്ധിതമായെങ്കിലും അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ  തയാറായില്ല. തനിക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പരസ്യമായി സർക്കാരിനെ ഭീഷണിപ്പെടുത്താൻ അയാൾ മടിച്ചില്ല. ഉത്തർപ്രദേശിൽ ശക്തമായ രാഷ്ട്രീയക്കാരനായ അയാളെ തൊടാൻ സർക്കാർ മടിച്ചത് അയാളുടെ സമുദായം ഉയർത്തിയ ഭീഷണി തന്നെയാണ്.

ഉത്തർപ്രദേശിൽ തന്നെ കർഷക റാലിയിലേക്ക് കാറോടിച്ച് കയറ്റി ആളെക്കൊന്ന മന്ത്രിപുത്രനെ ഒടുവിൽ സുപ്രീം കോടതി ഇടപെട്ടാണ് അറസ്റ്റ് ചെയ്യിച്ചത്. ഏറ്റവും ഉയർന്ന ബ്രാഹ്മണ സമുദായക്കാരനെതിരെ നടപടി സ്വീകരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആ സമുദായ നേതാക്കൾ തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇത്തരത്തിൽ സവർണ സമുദായക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികൾക്കും ചൂട്ടുപിടിക്കുകയാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സ്വയം തന്നെ ബ്രാഹ്മണ സന്ന്യാസിയെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ നീതി പ്രതീക്ഷിക്കുന്നതാണ് വിഡ്ഢിത്തം.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ദളിതർക്കെതിരായ വിവേചനവും അവർക്കെതിരായ അതിക്രമങ്ങളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമീപകാല സംഭവങ്ങളുടെ പരമ്പര കാണിക്കുന്നത് ജാതിവിവേചനം ശക്തമാണെന്നും തുല്യ അവകാശങ്ങൾ സ്വപ്‌നമാണെന്നും മാത്രമാണ്. ദളിത് വരൻ കുതിരപ്പുറത്ത് കയറിയാൽ, ദളിതർ ക്ഷേത്രങ്ങളിൽ കയറുകയോ പൊതുകിണറ്റിൽനിന്ന് വെള്ളം എടുക്കുകയോ ചെയ്താൽ അതെല്ലാം കുറ്റമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജാതിയുടെ പേരിൽ അധ്യാപകരുടെ പീഡനത്തിനിരയായി ഒരു ദളിത് വിദ്യാർഥി മരിച്ചു, സഹോദരിയെ ലൈംഗിക പീഡനത്തിനിരയാക്കിയവർക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു, നാല് ദളിത് പുരുഷന്മാരെ മരത്തിൽ തലകീഴായി തൂക്കിയിടുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. 
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം ഇത്തരം ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രേഖപ്പെടുത്തിയത് യു.പിയിലാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും നിരന്തര ഇരകളാണ്. യു.പി ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങൾ പെരുകുകയാണ്. ഈ കണക്കുകൾ പോലും യഥാർഥ സാഹചര്യത്തെ പ്രതിനിധീകരിക്കുന്നില്ല, കാരണം ഈ കുറ്റകൃത്യങ്ങളിൽ വലിയൊരു സംഖ്യ രേഖപ്പെടുത്തിയിട്ടില്ല. ദളിത് സമുദായത്തിൽ നിന്നുള്ള പലരും പരാതി നൽകാൻ ഭയപ്പെടുന്നു, കാരണം അത് പ്രതികാരം ക്ഷണിച്ചുവരുത്തും. പോലീസും നിയമപാലക സംവിധാനങ്ങളും പലപ്പോഴും പക്ഷപാതപരവും പീഡകരുടെ പക്ഷത്തുമാണ്. അതുകൊണ്ടാണ് അതിക്രമക്കേസുകളിൽ ശിക്ഷാനിരക്ക് കുറയുന്നത്. 2017 മുതൽ 2019 വരെയുള്ള എൻ.സി.ആർ.ബി കണക്കുകൾ പ്രകാരം പട്ടികജാതി വിഭാഗത്തിൽപെട്ട സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ ശിക്ഷാനിരക്ക് വെറും 27 ശതമാനമാണ്.

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് തൊട്ടുകൂടായ്മ ഇല്ലാതായി. ദളിതർക്ക് തുല്യപദവി നൽകാനുള്ള നിരവധി സാമൂഹിക മുന്നേറ്റങ്ങളും പ്രചാരണങ്ങളും സ്വാതന്ത്ര്യത്തിന് മുമ്പുള്ള നാളുകൾ മുതൽ രാജ്യം കണ്ടിട്ടുണ്ട്. ദളിതർക്കെതിരായ അതിക്രമങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി 1989 ലാണ് എസ്.സി, എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം പാസ്സാക്കിയത്. ദളിതർക്ക് എല്ലാ അർഥത്തിലും തുല്യാവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ആശയത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്, പക്ഷേ അത് എല്ലായ്‌പ്പോഴും പ്രായോഗികമാകുന്നില്ല. അടിയുറച്ച മുൻവിധികളെയും പക്ഷപാതങ്ങളെയും ചെറുക്കാനും പരാജയപ്പെടുത്താനും കഴിയണമെങ്കിൽ നിരന്തരമായ സാമൂഹിക പ്രചാരണങ്ങളും യഥാർഥ രാഷ്ട്രീയ പിന്തുണയും നിയമത്തിന്റെ കർശനമായ നടപ്പാക്കലും ആവശ്യമാണ്.

Latest News