ധനസഹായം: കേന്ദ്രം കേരളത്തെ തഴയുന്നു

സത്യത്തിൽ കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണെന്ന് എല്ലാവർക്കമറിയാം. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിത നാടിനോ ഒരിക്കലും ഭൂഷണമല്ല ഇത്. പ്രവാസമാണ് ഒരു കാലത്ത് കേരളത്തെ പിടിച്ചുനിർത്തിയത് എന്നതു ശരിയാണ്. എന്നാലിപ്പോൾ ഗൾഫിനു പകരം മലയാളിയുടെ പ്രവാസം കൂടുതലായും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ ആയതോടെ സാമ്പത്തികമായി നമുക്കത് നഷ്ടത്തിലേക്കാണ് പോകുന്നത്. 


കേരളത്തിന്റെ ഭാവിയെ കുറിച്ച് വളരെ ഗൗരവപരമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് ഈ വർഷത്തെ ഓണം കടന്നുപോയത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഈ ദിനങ്ങളിൽ സംസ്ഥാനത്തു നടന്നത്. അതിലേറ്റവും പ്രധാനം മാസങ്ങൾക്കു മുന്നെ കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ പണം മുഴുവനായും നൽകാത്തതു തന്നെ. കഴിഞ്ഞ വർഷം പോലും എല്ലാവർക്കും നൽകിയ ഓണക്കിറ്റ് ഇത്തവണ വളറെ കുറച്ചുപേർക്ക് നൽകാനായിരുന്നു തീരുമാനം. അതുപോലും കാര്യക്ഷമമായി ചെയ്യാനായില്ല. സപ്‌ളൈകോയിൽ സബ്‌സിഡിയുള്ള സാധനങ്ങൾ പലതും കിട്ടാനുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സിക്കാർക്കു മാത്രമല്ല നിരവധി വിഭാഗങ്ങൾക്ക് ഓണമായിട്ട് അവരുടെ അവകാശങ്ങൾ നൽകാനായില്ല. പലരും തിരുവോണ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി സമരവുമായി എത്തുകയും ചെയ്തു. 

കർഷകർക്ക് സമയത്തു പണം നൽകാത്തതിനെ കുറിച്ച് നടൻ ജയസൂര്യ മന്ത്രിമാർക്കു മുന്നിൽ വെച്ച് വിമർശനമുന്നയിച്ചതിനെ തുടർന്ന് ആ വിഷയം വലിയ ചർച്ചയായത് നന്നായി. ഇനി മുതൽ നെല്ലു സംഭരിക്കുമ്പോൾ തന്നെ പണം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് അതിന്റെ ഭാഗമായാണ്. അതേസമയം പണം നൽകാനാവാത്തതിനെ കുറിച്ചുള്ള മന്ത്രിമാരുടെ വിശദീകരണം കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക കൂടുതൽ രൂക്ഷമാക്കുന്നതാണ്. 'നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാരിന്റെ വിഹിതം കിലോഗ്രാം ഒന്നിന് 20.40 രൂപയും സംസ്ഥാന സർക്കാരിന്റേത് 7.80 രൂപയുമാണ്. കേന്ദ്ര വിഹിതം ആറു മാസം മുതൽ ഒരു കൊല്ലം വരെ വൈകാറുള്ള സാഹചര്യത്തിൽ സംസ്ഥാനം വായ്പയെടുത്ത് കേന്ദ്രത്തിന്റെ പണം കൂടി കർഷകന് നൽകുകയും കേന്ദ്ര വിഹിതം കിട്ടുമ്പോൾ കടം വീട്ടുകയുമാണ് ചെയ്തുവരാറുള്ളത്. ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിക്കുന്നതിൽ സാങ്കേതിക തടസ്സം ഉന്നയിക്കുകയും കർഷകർക്ക് കുടിശ്ശികയുള്ള വിഹിതം കേന്ദ്ര സർക്കാർ തരാതിരിക്കുകയും ചെയ്തപ്പോൾ ഉണ്ടായ പ്രതിസന്ധിയാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്റെ വിഹിതം ഇക്കൊല്ലവും വിതരണം ചെയ്തിട്ടുണ്ട്, അടുത്ത കൊല്ലം മുതൽ കേന്ദ്രം പണം നൽകുന്നത് കാത്തുനിൽക്കാതെ നെല്ല് സംഭരിക്കുമ്പോൾ തന്നെ മുഴുവൻ തുകയും കർഷകന് നൽകാനുള്ള നടപടികൾക്കായി മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിശദീകരണം. 

വസ്തുതാപരമായി ഈ വിശദീകരണം ശരിയായിരിക്കാം. പക്ഷേ അതിലൂടെ വളരെ ഗൗരവപരമായ വിഷയമാണ് ഉയർന്നു വരുന്നത്. കേന്ദ്രത്തിന്റെയും ബാങ്കുകളുടെയും  നിസ്സഹകരണം വന്നാൽ പാവപ്പെട്ട മലയാളികൾ പട്ടിണി കിടക്കേണ്ടിവരുമെന്നതാണത്. കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കെഞ്ചേണ്ട അവസ്ഥയിലുമാണ് നാം. ഈ വിഷയമുന്നയിച്ച് മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ജനങ്ങളെയും സംഘടിപ്പിച്ച് കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സർക്കാരോ സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടികളോ തയാറാകുന്നില്ല. ഈ വിഷയം വരും കാലത്ത് കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്. എൽ.ഡി.എഫ് ഭരിച്ചാലും യു.ഡി.എഫ് ഭരിച്ചാലും കേന്ദ്രം സ്വീകരിക്കുന്ന സമീപനം ഇതു തന്നെയായിരിക്കും. തങ്ങൾക്ക് സംസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ സ്വാധീനമില്ലാത്തതും  കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുവിൽ സംഘടിതരാണെന്നതും കേന്ദ്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളുടെയും തലവേദനയാണ്. അതിനാൽ തന്നെ കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നീക്കങ്ങൾ ശക്തമാകും. അതിനെതിരെ മലയാളികൾ മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കേണ്ടതുണ്ട്. അതേസമയം അതുവരെ കാത്തിരിക്കാൻ കർഷകരടക്കമുള്ളവർക്ക് കഴിയുകയുമില്ല. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. കേന്ദ്രത്തെ വിമർശിച്ച് കൈകഴുകുന്നത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടലാണ്. 

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും കടം പരമാവധി വാങ്ങി മുന്നോട്ടു പോകാനുള്ള ശ്രമം ശക്തമായത് ഡോ. തോമസ് ഐസക് ധനമന്ത്രിയായതിനു ശേഷമാണെന്നു കാണാം. അതുപയോഗിച്ച് പാലം, റോഡ് പോലെ വലിയ വികസന പദ്ധതികളൊക്കെ നടത്തി. വരവുമായി യാതൊരു അനുപാതവുമില്ലാത്ത രീതിയിലായിരുന്നു ചെലവ്.  പക്ഷേ വികസനമെന്ന മന്ത്രമുരുവിട്ടായാലും  അത്തരത്തിൽ അധികം മുന്നോട്ടു പോകാനാവില്ലല്ലോ. ജി.എസ്.ടിയിൽ നിന്ന് മന്ത്രി പ്രതീക്ഷിച്ച മെച്ചമൊന്നുമുണ്ടായില്ല. കേന്ദ്രം പിടിമുറുക്കാനുമാരംഭിച്ചു. അതിനിടയിലാണ് ലോകത്തവിടെയും ഉണ്ടാകാത്ത പോലെ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ വേതനവും പെൻഷനും വർധിപ്പിച്ച്  കോടികളുടെ അധികച്ചെലവ് പ്രതിമാസം വരുത്തിവെച്ചു. അതാണ് നമ്മുടെ സമകാലീന പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

തീർച്ചയായും കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രതിസന്ധി തോമസ് ഐസക് സൃഷ്ടിച്ചതല്ല. അത് മുന്നെ ഇവിടെയുണ്ട്. രാജ്യത്ത് സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്ന മിക്ക സംസ്ഥാനങ്ങളുടെയും പ്രധാന സ്രോതസ്സ് കൃഷിയും വ്യവസായവുമാണല്ലോ. അക്കാര്യത്തിൽ നമ്മുടെ അവസ്ഥ എന്താണ്? കൊട്ടിഘോഷിക്കപ്പെട്ട കാർഷിക പരിഷ്‌കരണം നെൽകൃഷിയെ മുന്നോട്ടു കൊണ്ടുപോകുകയല്ല, തകർക്കുകയാണ് ചെയ്യുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെല്ലാം. നാണ്യവിളകൾക്ക് കൊടുത്ത പ്രാധാന്യം ആഗോള സംഭവങ്ങൾ പല കാരണങ്ങളാലും ശാശ്വതമായ ഗുണങ്ങൾ നൽകിയില്ല. അവയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ടായില്ല.  വൻകിടതോട്ടങ്ങളാകട്ടെ, ഇപ്പോഴും നിയമ വിരുദ്ധമായി കോർപറേറ്റുകൾ കൈവശം വെച്ചിരിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷം വ്യാവസായികമായും വലിയ കുതിപ്പൊന്നും ഉണ്ടായില്ല. കേരളത്തിന്റെ പ്രകൃതിക്കും കാലാവസ്ഥക്കും ജനസാന്ദ്രതക്കും അനുയോജ്യമായ വൻകിട വ്യവസായ സംരംഭങ്ങൾ ഉണ്ടായില്ല. ഐ.ടിയിലും മറ്റും വലിയ പ്രതീക്ഷ ഉണ്ടായെങ്കിലും അതും പ്രതീക്ഷിച്ചതിന്റെ അടുത്തൊന്നും എത്തിയില്ല. പകരം ഐ.ടിക്കാർ പുറത്തു പോകുകയാണ് ഉണ്ടായത്.  ഇവിടെ നിലനിൽക്കുന്ന കപട ഇടതുബോധമാകട്ടെ, സംരംഭകരെ ശത്രുക്കളായി കണ്ടു. സർക്കാർ ഉദ്യോഗസ്ഥരടക്കം അവരെ നിരാശരാക്കുകയാണ് ചെയ്യുന്നത്. മറുവശത്ത് സർക്കാർ അനാവശ്യമായി നേരിട്ട് പല സംരംഭങ്ങളും ആരംഭിച്ച് വലിയ ബാധ്യതകൾ വരുത്തിവെച്ചു. ഇപ്പോഴുമത് തുടരുന്നു.

സത്യത്തിൽ കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണെന്ന് എല്ലാവർക്കമറിയാം. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിത നാടിനോ ഒരിക്കലും ഭൂഷണമല്ല ഇത്. പ്രവാസമാണ് ഒരു കാലത്ത് കേരളത്തെ പിടിച്ചുനിർത്തിയത് എന്നതു ശരിയാണ്. എന്നാലിപ്പോൾ ഗൾഫിനു പകരം മലയാളിയുടെ പ്രവാസം കൂടുതലായും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ ആയതോടെ സാമ്പത്തികമായി നമുക്കത് നഷ്ടത്തിലേക്കാണ് പോകുന്നത്. മാത്രമല്ല, ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയിലേക്ക് കേരളം മാറുകയാണ്. ടൂറിസത്തെ സ്ഥിരമായ, ശാശ്വതമായ ഒരു വരുമാന മാർഗമായി കാണാനാകില്ലല്ലോ. പിന്നെയുള്ളത് മദ്യവും ഭാഗ്യക്കുറിയും. അതേക്കുറിച്ച് എന്തു പറയാൻ? 

Latest News