മലപ്പുറം- ഓണത്തോടനുബന്ധിച്ചുള്ള വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും എന്റെ താനൂരും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തില്‍ സെവന്‍സ് കോട്ടക്കല്‍ ജേതാക്കള്‍. അലയന്‍സ് എളമക്കരയാണ് റണ്ണറപ്പ്. ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച കായിക പരിശീലനം ലഭ്യമാക്കുന്നതിന് മേഖലയിലെ സ്റ്റേഡിയങ്ങള്‍ സഹായകരമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. താനൂര്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ കായിക പരിശീലന കേന്ദ്രമായി കായിക വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായ പരിശീലന പരിപാടികള്‍ ഉണ്യാലിലും നടത്തും. തീരദേശ മേഖലയില്‍ നിന്നും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മത്സര രംഗത്തേക്ക് മേഖലയിലെ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം സ്റ്റേഡിയത്തിനെ കൂടുതല്‍ ജനകീയമാക്കുന്നതിനായി കായിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 600 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് 10,000 രൂപയും ട്രോഫിയും തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 7000, 5000, 4000 രൂപ വീതവും ട്രോഫിയും നല്കി. കൂടാതെ അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡുമാണ് നല്‍കിയത്. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. സൈതലവി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. പ്രേമ, നാസര്‍ പോളാട്ട്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ, ടി.കെ ശ്രീധരന്, തിരൂര്‍ അര്‍ബര്‍ ബാങ്ക് ചെയര്മാന് ഇ. ജയന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.






