Sorry, you need to enable JavaScript to visit this website.

ക്രൈംഫയല്‍ - ലേഡി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടോ? ഉത്തരമില്ലാതെ 22 വര്‍ഷമായി ഒരു മലയാളി സ്ത്രീയ്ക്ക് പിന്നാലെയുള്ള ഓട്ടം

കോഴിക്കോട് - 160 സെന്റീമീറ്റര്‍ ഉയരം, 69 വയസ്സ്, താഴത്തെ താടിയെല്ലിന്റെ ഇടതുവശത്തും  ഇടതു കൈത്തണ്ടയിലും കറുത്ത മറുകുകള്‍, സ്വദേശം കേരളത്തിലെ പയ്യന്നൂര്‍, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ സംസാരിക്കും, പേര് ഓമന എടാടന്‍. ലോക പോലീസ് ശൃംഖലയായ ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റില്‍ ആ പേര് ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. മറ്റു പല വിശേഷണങ്ങളും ഇവര്‍ക്കുണ്ട്, ഇന്ത്യയില്‍ നിന്ന് ഇന്റര്‍പോള്‍ തേടിക്കൊണ്ടിരിക്കുന്ന അഞ്ച് വനിതാ ക്രിമിനലുകളില്‍ ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്ത ഒരാള്‍. കേരളത്തില്‍ നിന്ന് ഇന്റര്‍പോളിന്റെ ലിസ്റ്റിലുള്ള എട്ട് പിടികിട്ടാപ്പുള്ളികളിലെ ഏക വനിത. ഇത് ഡോ.ഓമന. സ്യൂട്ട് കേസ് കൊലപാതകത്തിലെ വില്ലത്തി, കേരളം അവള്‍ക്ക് മറ്റൊരു പേര് ചാര്‍ത്തി. ലേഡി സുകുമാരക്കുറുപ്പ്.  
പയ്യന്നൂര്‍കാരി ഡോ.ഓമനയെക്കുറിച്ച് കേട്ടവരാരും പെട്ടെന്ന് മറക്കാനിടയില്ല. കാമുകനെ ചോര ചിന്താതെ 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ക്രൂരതയുടെ പര്യായമായി മാറിയ സ്ത്രീ. കൊലപാതകം നടത്തിയ ശേഷമുണ്ടായ ആസൂത്രണത്തിലെ ചെറിയ പാളിച്ച മൂലം  പിടിയിലായിട്ടും ജാമ്യത്തിലിറങ്ങി അന്വേഷണ സംഘങ്ങളെ വെട്ടിച്ച് കാണാമറയത്തേക്ക് പോയവള്‍. കഴിഞ്ഞ 22 വര്‍ഷമായി  ക്രൂരമായ കൊലപാതകം നടത്തിയ ആ നേത്ര രോഗ വിദഗ്ധയെ  ഇന്റര്‍പോളും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പോലീസും ഇത്രയം കാലം  തിരഞ്ഞുകൊണ്ടേയിരുന്നത്. 2001 ജനുവരി 29 ന് മുങ്ങിയതാണവര്‍. പിന്നീട് ഒരു വിവരവുമില്ല. ജീവിച്ചിരിപ്പുണ്ടോ,  അതോ മരിച്ചോ? എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന ആ ചോദ്യം തന്നെയാണ് ലോകപോലീസിന്റെ തലൈവറായ ഇന്റര്‍പോളും ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. ഡോ.ഓമന ജീവിച്ചിരിപ്പുണ്ടെന്നതിന് ഇന്റര്‍പോളിന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. 70 വയസ്സിലേക്ക് കടക്കുന്ന അവര്‍ മരിച്ചു പോയെന്നതിനും അന്വേഷണ സംഘത്തിന് ഇതുവരെ വിശ്വസനീയമായ വിവരങ്ങളൊന്നുമില്ല. അതുകൊണ്ടാണ്് മലേഷ്യയിലേക്ക് കടന്നതായി സംശയിക്കുന്ന ഡോ.ഓമനയുടെ പേര് ഇപ്പോഴും ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റില്‍ മായാതെ കിടക്കുന്നത്.

സത്യം പറഞ്ഞാല്‍ ഡോ.ഓമന എടാടന്‍ എന്ന അതിവിദഗ്ധയായ ക്രമിനലിന് മുന്നില്‍ ലോകത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയടക്കം നാണം കെട്ട് നില്‍ക്കുകയാണ്. നീണ്ട 22 വര്‍ഷങ്ങളായി ഒരു സ്ത്രീയ്ക്ക് എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ കഴിയാനാകുന്നുവെന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2009 ല്‍ കേരളത്തില്‍ കഴിയുന്ന അവരുടെ മക്കള്‍ക്ക് വന്ന അമ്മയുടെ ഒരു ഫോണ്‍ കോള്‍. അതിനപ്പുറമുള്ള എല്ലാ കാര്യങ്ങളും അജ്ഞാതമായി തന്നെ തുടരുകയാണ്. ഡോ.ഓമന മരിച്ചു പോയെന്ന് വിശ്വസിക്കാനാണ് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് താല്‍പര്യം. കാരണം ഒരു മലയാളി സ്ത്രീയ്ക്ക് മുന്നിലാണ് അവരുടെ എല്ലാ അന്വേഷണ തന്ത്രങ്ങളും നാണം കെട്ടുപോകുന്നത്. ഇന്റര്‍പോളിന്റെ ലിസ്റ്റില്‍ ഇപ്പോഴും പേര് കിടക്കുന്നുണ്ടെന്നതല്ലാതെ ഡോ.ഓമനയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത തമിഴ്‌നാട് പോലീസിനാകട്ടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു താല്‍പര്യവുമില്ല. 

 

ഊട്ടി റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ മുറി

മേട്ടുപ്പാളയത്തിന്‍ നിന്നും കൂനൂരില്‍ നിന്നും കാടും മലയും താണ്ടി ഉല്ലാസ യാത്രികരെയും വഹിച്ച് കിതച്ചെത്തുന്ന തീവണ്ടികള്‍ ഇന്നും ഊട്ടി റെയില്‍വേ സ്റ്റേഷനിലെ മനോഹര കാഴ്ചയാണ്. യാത്രികര്‍ക്ക് താമസിക്കാനായി റെയില്‍ സ്‌റ്റേഷനില്‍ വൃത്തിയില്‍ ഒരുക്കിയിട്ടുള്ള റിട്ടയറിംഗ് റൂമുകളുണ്ട്. 27 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1996 ജൂലായ് 11 നാണ് ഊട്ടി റെയില്‍വേ സ്റ്റേഷനിലെ നാലം നമ്പര്‍ റിട്ടയറിംഗ് റൂമില്‍ ഡോ.ഓമന കാമുകനായ പയ്യന്നൂരിലെ കരാറുകാരന്‍ മുരളീധരനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊത്തി നുറുക്കി സ്യൂട്ട്് കേസിലാക്കിയത്. ഇത് കാറില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്  ഓമന പിടിയിലായത്. ഒരു സ്ത്രീയ്ക്ക് ഇതെല്ലാം എങ്ങനെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്ന് മൂക്കത്ത് വിരല്‍വെയ്ക്കുന്നവരോട് പോലീസിന് ഒന്നേ പറയാനുള്ളൂ. സാധാരണ സ്ത്രീയല്ല, ഡോ.ഓമന അതിബുദ്ധിമതിയായ ക്രമിനലാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ എല്ലാ അന്വേഷണ സംഘങ്ങളെയും സമര്‍ത്ഥമായി കബളിപ്പിച്ച് മുങ്ങിയതും ഇന്റര്‍പോള്‍ പോലും അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നതും. 

ഊട്ടി റെയിലേ സ്റ്റേഷനില്‍ പോയി അവിടെയുള്ളവരോട് ഡോ.ഓമന നടത്തിയ കൊലപാതകത്തിന്റെ കഥ ചോദിച്ചാല്‍ അതേക്കുറിച്ച് അധികമാര്‍ക്കും അറിയുക പോലുമില്ല. അവിടെ പിന്നീട് ജോലിയെടുത്ത മലയാളികളായ സ്‌റ്റേഷന്‍മാസ്റ്റര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് മാത്രം. കൊലപാതകം നടക്കുമ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ എവിടെയുണ്ടന്ന് പോലും അറിയില്ല.

 വീടുപണിയില്‍ മൊട്ടിട്ട പ്രണയം
പയ്യന്നൂര്‍  കരുവാച്ചേരിയിലെ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകള്‍ ഡോ. ഓമന പയ്യന്നൂരിലെ പ്രശസ്തയായ നേത്ര രോഗ വിദഗ്ധയായിരുന്നു. കോല്ലത്തെ ശിശു രോഗ വിദഗ്ധനായ ഡോ.രാധാകൃഷ്ണനെയാണ് അവര്‍ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ അവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഇത് ഡോ.ഓമനയെ വലിയ തോതില്‍ അസ്വസ്ഥയാക്കിയിരുന്നു. പയ്യന്നൂരില്‍ സ്വന്തമായി നടത്തിയിരുന്ന നേത്ര ചികിത്സാ കേന്ദ്രത്തെ ചുറ്റിപ്പറ്റിയായി അവരുടെ ജീവിതം. അതിനിടയില്‍ വീട് പുതുക്കിപ്പണിയാനുള്ള തീരുമാനം എടുത്തതാണ് ഡോ.ഓമനയുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്. പയ്യന്നൂരില്‍ പ്ലാനേഴ്‌സ് ആന്‍ഡ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്ന കരാറുകാരന്‍ കൂടിയായ അന്നൂരിലെ കെ.എം മുരളീധരനെയാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല ഡോ.ഓമന ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവര്‍ സ്ഥിരം കൂടിക്കാഴ്ചകള്‍ നടത്തി. നല്ല ഉയരവും ആകാര ഭംഗിയുമുള്ള 42കാരനായ മരളീധരനുമായി ഡോ.ഓമന വേഗത്തില്‍ അടുത്തു. സ്വന്തം ദാമ്പത്യത്തിലെ പൊരുത്തക്കേടുകളില്‍ അസ്വസ്ഥയായിരുന്ന ഡോ.ഓമന മുരളീധരനുമായുള്ള ബന്ധത്തെ പ്രണയത്തിലേക്ക് കൊണ്ടുപോയി. മുരളീധരന്‍ വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് ഡോ.ഓമന പിന്നീട് അദ്ദേഹവുമായുള്ള ബന്ധം നിലനിര്‍ത്തിയത്. ഇതോടെ ഭര്‍ത്താവുമായുള്ള അവരുടെ ബന്ധം പൂര്‍ണ്ണ തകര്‍ച്ചയിലെത്തി. ഡോ.ഓമനയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നടപടികളുമായി ഡോ.രാധാകൃഷ്ണന്‍ മുന്നോട്ടു പോയി. ഓമനയുടെ രണ്ടു മക്കള്‍ അച്ഛനോടൊപ്പമായി താമസം. മുരളീധരനോടുള്ള പ്രണയം മൂത്ത് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഡോ.ഓമന അയാളെ പണം നല്‍കി പലപ്പോഴും സഹായിച്ചിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്  തന്നെ വിവാഹം കഴിക്കണമെന്ന ഓമനയുടെ ആവശ്യം മുരളീധരന്‍ നിരാകരിച്ചതോടെ അവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങി. മുരളീധരനെ സംബന്ധിച്ചിടത്തോളം ഓമന തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പണം തന്ന് സഹായിക്കുന്ന, തന്റെ അഭിനിവേശങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സ്ത്രീ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ രഹസ്യമായി ബന്ധം തുടരാന്‍ മാത്രമായിരുന്നു മുരളീധരന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പ്രണയം തലയ്ക്ക് പിടിച്ച ഓമന പല കാര്യങ്ങള്‍ പറഞ്ഞ് മുരളീധരന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക വരെ ചെയ്തു.

മലേഷ്യയിലേക്കുള്ള കൂടുമാറ്റം
മുരളീധരനുമായി തന്റെ വിവാഹം നടക്കാത്തതിലുള്ള നിരാശയിലാണ് ഡോ. ഓമന നാടുവിടാന്‍ തീരുമാനിച്ചത്. വൈകാതെ അവര്‍ മലേഷ്യയിലേക്ക് പോകുകയും ചെയ്തു. മലേഷ്യയിലെ ഒരു ആശുപത്രിയില്‍ നേത്ര രോഗ വിദഗ്ധയായി സേവനം തുടങ്ങി. ഇതിനിടയില്‍ ഡോ.ഓമന തന്റെ പേര് മാറ്റുകയും ചെയ്തു, ആമിനാ ബിന്ദ് എന്ന മുസ്‌ലീം നാമത്തിലായിരുന്നു അവര്‍ മലേഷ്യയില്‍ കഴിഞ്ഞു വന്നത്. തന്നെ വിവാഹം കഴിക്കാത്തതില്‍ മുരളീധരനോട് ഡോ.ഓമനയ്ക്ക് വിരോധമുണ്ടായിരുന്നെങ്കിലും മലേഷ്യയില്‍ നിന്ന് അവര്‍ സ്ഥിരമായി മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മലേഷ്യയിലേക്ക് വരാന്‍ മുരളീധരനെ നിര്‍ബന്ധിക്കുകയും ചെയ്തു.

 

രഹസ്യ ബന്ധവും പണവും മോഹിച്ച് മുരളീധരനും മലേഷ്യയിലേക്ക്

ഡോ.ഓമയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുരളീധരനും മലേഷ്യയിലേക്ക് പോകുകയായിരുന്നു. അതിന് മുന്‍പ് തന്നെ മുരളീധരനോട് പേര് മാറ്റാന്‍ ഡോ.ഓമന ആവശ്യപ്പെട്ടിരുന്നു. തനിക്ക് പേര് മാറ്റാന്‍ സഹായം നല്‍കിയ ചെന്നൈയില്‍ നിന്നുള്ള സെയ്ദ് അലി എന്നയാളെ മുരളീധരനുമായി ബന്ധപ്പെടുത്തുകയും ചെയ്തു. പേര് മാറ്റിയാണ് മുരളീധരന്‍ ചെന്നെയിലെത്തിയത്. അവിടെ ആമിനാ ബിന്ദ് ആയി കഴിയുന്ന ഡോ.ഓമനയുടെ ഭര്‍ത്താവായാണ് മുരളീധരന്‍ മലേഷ്യയിലെത്തിയത്. എന്നാല്‍ കൂടുതല്‍ പണവും ആഭരണങ്ങളും ആവശ്യപ്പെട്ട് മുരളീധരന്‍ ഡോ.ഓമനയെ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ മുരളീധരന്റെ മനസ്സിലിരിപ്പ് ഓമനയ്ക്ക് വ്യകതമായി. തന്നെ ഭാര്യയായി സ്വീകരിക്കാന്‍ മുരളീധരന്‍ ഒരിക്കലും തയ്യാറാകില്ലെന്ന് ബോധ്യമായതോടെ  പ്രണയം പകയിലേക്ക് വഴി മാറി. മുരളീധരനെ ഇല്ലാതാക്കണമെന്ന് ഓമന അന്ന് മുതല്‍ മനസ്സിലുറപ്പിച്ചു. ഊട്ടി പോലീസ് ഓമനയ്‌ക്കെതിരെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലും ഇക്കാര്യം. പറയുന്നുണ്ട്. മലഷ്യയിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് ഇരുവരും തമ്മില്‍ കൈയ്യാങ്കളി നടന്നു. മലേഷ്യയില്‍ വെച്ച് തന്നെ മുരളീധരനെ കൊല്ലണമെന്ന് ഡോ.ഓമന തീരുമാനിച്ചിരുന്നതായി അന്വേഷണം സംഘം പറയുന്നുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ തന്നെ ശല്യപ്പെടുത്തുകയാണുണ്ടായതെന്നും തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നുമാണ് ഡോ.ഓമന പിടിയിലായ ശേഷം പോലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ അന്വേഷണം നടത്തിയ തമിഴ്‌നാട് പോലീസ് കണ്ടെത്തിയിരുന്നു.

എല്ലാ പദ്ധതികളും തയ്യാറാക്കിയത് മലേഷ്യയില്‍

 

ഓമനയുമായി പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ മുരളീധരന്‍ മലഷ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടില്‍ എത്തിയശേഷവും ഫോണിലൂടെ മുരളീധരന്‍ പണം ചോദിച്ച് ശല്യപ്പെടുത്തിയിരുന്നതായാണ് ഓമനയുടെ മൊഴി.  ഇല്ലെങ്കില്‍ വ്യാജ പേരില്‍ മലേഷ്യയില്‍ കഴിയുന്ന വിവരം മലേഷ്യന്‍ പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. ഇതോടെ ഓമനയുടെ മനസ്സില്‍ പക ആളിക്കത്തുകയായിരുന്നു. അവര്‍ മാനസിക വിഭ്രാന്തിയിലൂടെ വരെ കടന്ന് പോയി. ഇതിനിടെ ആശുപത്രിയിലെ ജോലി നഷ്ടപ്പെട്ടതായും പറയുന്നു. ഇതിന് പിന്നില്‍ മുരളീധരനാണെന്ന് ഓമന വിശ്വസിച്ചിരുന്നു. മുരളീധരന്‍ തന്നെ പറഞ്ഞ് പറ്റിക്കുകയാണെന്ന് ബോധ്യമായതോടെ ആരുമറിയാതെ മുരളീധരനെ കൊലപ്പെടുത്തുന്നതിനുള്ള കൃത്യമായ പദ്ധതികളുമായി ഡോ.ഓമന തിരുവനന്തപുരത്തേക്ക് വിമാനം കയറുകയായിരുന്നു. 

ഏഴു ദിവസത്തേക്ക് വേണ്ടിയുള്ള മടങ്ങി വരവ്

മുരളീധരനെ ആരുമറിയാതെ കൊലപ്പെടുത്തി ഏഴ് ദിവസത്തിനകം മലേഷ്യയില്‍ തിരിച്ചെത്തുകയെന്ന പ്ലാനുമായാണ് 1996 ജൂലൈ ആദ്യം ഡോ.ഓമന തിരുവനന്തപുരത്തെത്തിയത്. അവിടെ സഹോദരന്റെ വീട്ടിലേക്ക് പോയ ഓമന തന്റെ ലഗേജുകളും ആഭരണങ്ങളുമെല്ലാം അവിടെ സൂക്ഷിച്ചു. അതിനു ശേഷം ഡോക്ടര്‍ എന്ന ആനുകൂല്യം ഉപയോഗിച്ച് ശസ്ത്രക്രിയാ വേളകളിലും മറ്റും മനുഷ്യനെ അബോധാവസ്ഥയിലാക്കുന്ന അനസ്‌തേഷ്യാ മരുന്നായ പെന്റോത്തല്‍ സോഡിയും ഉയര്‍ന്ന അളവില്‍ സംഘടിപ്പിച്ചു. ആവശ്യത്തിനുള്ള സിറിഞ്ചുകളും വാങ്ങി. തിരുവനന്തപുരത്ത് നിന്ന് ഒരാവശ്യത്തിനായി നേരെ കോയമ്പത്തൂരിലേക്ക് പോകുകയാണെന്നാണ് ഡോ.ഓമന സഹോദരനോടും ബന്ധുക്കളോടും പറഞ്ഞത്. സഹോദര ഭാര്യയാണ് അവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. എന്നാല്‍ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത ഓമന ന്യൂദല്‍ഹി സ്വദേശിനി താജു എന്ന പേരില്‍ മറ്റൊരു ടിക്കറ്റ് ബുക്കു ചെയ്യുകയും കോയമ്പത്തൂരിലെത്തിയ ശേഷം ഊട്ടിയിലേക്ക് പോകുകയുമായിരുന്നു. ഒരു ട്രാവല്‍ ബാഗ് മാത്രമാണ് ഈ സമയം അവരുടെ കൈവശമുണ്ടായിരുന്നത്.
ഡോ.ഓമന വ്യാജപേരില്‍ ഹേമയും റോസ്‌മേരിയുമാകുന്നു
1996 ജൂലായ് 9 ന് ഊട്ടിയിലെത്തിയ അവര്‍ നേരെ പോയത് ഊട്ടി റെയില്‍വേ സ്‌റ്റേഷനിലേക്കാണ്. അവിടെ ന്യൂദല്‍ഹിയില്‍ നിന്നുള്ള ഹേമ എന്ന വ്യാജ പേരില്‍ റെയില്‍വേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂം ബുക്ക് ചെയ്തു.  സീസണ്‍ അല്ലാത്തതിനാല്‍ ഊട്ടിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനിലെ മുറിയ്‌ക്കൊപ്പം തന്നെ ഊട്ടിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഫേണ്‍ഹില്ലിലെ ഐ ജി ജി ഐ റിസോര്‍ട്ടില്‍ ന്യൂദല്‍ഹിയില്‍ നിന്നുള്ള റോസ്‌മേരി എന്ന വ്യാജ പേരില്‍ മറ്റൊരു മുറിയും മൂന്ന് ദിവസത്തേക്ക് ബുക്ക് ചെയ്തു. ആദ്യ ദിവസം അവിടെ തങ്ങുകയും ചെയ്തു. ഊട്ടിയിലെ ബസാറില്‍ പോയി രണ്ട് വലിയ സ്യൂട്ട്‌കേസുകളും പോളിത്തീന്‍ കവറുകളും വാങ്ങി സൂക്ഷിക്കുകയും ചെയ്തു.


 

കാറില്‍ കോഴിക്കോട്ടേയ്ക്ക് 

താമസത്തിനുള്ള മുറികളുടെ താക്കോല്‍ കൈവശം സൂക്ഷിച്ച ശേഷം ഊട്ടിയില്‍ നിന്ന് 1996 ജൂലായ് 10 ന് ഡോ.ഓമന നേരെ കോഴിക്കോട്ടേയക്ക് ഒരു ടാക്‌സി കാര്‍ ബുക്ക് ചെയ്തു. കോഴിക്കോട്ടേയക്ക് യാത്ര തുടങ്ങിയ അവര്‍ വഴിയിലെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് മുരളീധരന് ഫോണ്‍ ചെയ്തു. കോഴിക്കോട് നഗരത്തിലേക്ക് വരണമെന്നും ഊട്ടിയിലേക്ക് പോകാമെന്നും മുരളീധരന് നല്‍കാനായി താന്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടു വന്നിട്ടുണ്ടെന്നും പിണക്കമെല്ലാം മാറ്റിവെച്ച് ഏതാനും ദിവസം ഒരുമിച്ച് കഴിയാമെന്നും മുരളീധരനെ അറിയിച്ചു. ഫോണ്‍ സന്ദേശം ലഭിച്ച ഉടന്‍ തന്നെ കോയമ്പത്തൂരിലേക്ക് ബിസിനസ് ആവശ്യാര്‍ത്ഥം പോകുകയാണെന്ന് പറഞ്ഞ് മുരളീധരന്‍ വീട്ടില്‍ നിന്നറങ്ങി. ഒരിക്കലും തിരിച്ചു കയറാന്‍ കഴിയാത്ത ഒരു ചതിക്കുഴിയിലേക്കാണ് താന്‍ പോകുന്നതെന്ന് മുരളീധരന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. കോഴിക്കോട്ടേയ്‌ക്കെത്തിയ മുരളീധരനെയും കാറില്‍ കയറ്റി ഡോ.ഓമന നേരെ പോയത് ഊട്ടിയിലേക്കാണ്. നേരത്തെ റൂം ബുക്ക് ചെയ്ത ഊട്ടിയിലെ ഐ ജി ജി ഐ റിസര്‍ട്ടിലേക്കാണ് ഇരുവരും പോയത്. അന്ന് രാത്രി അവിടെ താമസിച്ചു. മുരളീധരനില്‍ യാതൊരു സംശയവുമുണ്ടാക്കാത്ത രീതിയില്‍ സന്തോഷവതിയായി വളരെ സ്വാഭാവിക രീതിയിലാണ് ഡോ.ഓമന പെരുമാറിയത്. റെയില്‍വേ സ്‌റ്റേഷനിലും താന്‍ മുറി ബുക്ക് ചെയതിട്ടുണ്ടെന്ന് പറഞ്ഞ് പിറ്റേ ദിവസം രാവിലെ മുരളീധരനെയും കൂട്ടി ഓമന ഈ മുറിയിലെത്തി. അന്ന് രാത്രി ബാര്‍ സൗക്യമുള്ള ഒരു സ്റ്റാര്‍ ഹോട്ടലിലേക്കാണ് ഓമന മുരളീധരനെ കൊണ്ടുപോയത്. അവിടുത്തെ റസ്‌റ്റോറന്റിന്‍ നിന്ന് വില കൂടിയ ഭക്ഷണങ്ങള്‍  വാങ്ങി നല്‍കി. പക്ഷേ ഇത് തന്റെ അവസാനത്തെ അത്താഴമാണെന്ന് മുരളീധരന്‍ മനസില്‍ കരുതിയിട്ടുണ്ടാകില്ല. അതിന് ശേഷം വീണ്ടും റെയില്‍വേ സ്റ്റേഷനിലെ മുറിയിലേക്ക് പോയി. തന്നെ അറവുശാലയിലേക്ക് കൊണ്ടു പോകുകയാണെന്നറിയാതെ ഉടമസ്ഥന് പിന്നാലെ പോകുന്ന ആടിന് സമാനമായി മുരളീധരന്‍ ഓമനയ്ക്ക് പിന്നാലെ പോയി. ഓമനയുമായി ലെം ഗിക ബന്ധത്തിനുള്ള അടങ്ങാത്ത ആഗ്രഹവുമായി മുറിയിലേക്കെത്തിയ മുരളീധരനെ അതേ ആഗ്രഹത്തിന്റെ പുറത്ത് ഓമന വീഴ്ത്തി.
തന്റെ കൈയ്യിലുള്ള ലൈംഗിക ഉത്തേജക മരുന്നു കുത്തിവെച്ച് ലൈംഗിക ബന്ധത്തിന്റെ സുഖം വര്‍ധിപ്പിക്കാമെന്ന് ഓമന മുരളീധരനെ തെറ്റിദ്ധരിപ്പിച്ചു. കേള്‍ക്കേണ്ട താമസം മുരളീധരന്‍ അതിന് തയ്യാറായി. പിന്നെ നടന്നത് ആരെയും ഞെട്ടിക്കുന്ന തീര്‍ത്തും ക്രൂരവും അവിശ്വസനീയവുമായ സംഭവങ്ങളാണ്. 
തുടരും…

Latest News