Sorry, you need to enable JavaScript to visit this website.

ഹര്‍ഷിന കേസില്‍ പുതുക്കിയ പ്രതിപ്പട്ടികയില്‍ രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും 

കോഴിക്കോട്-പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടു ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിച്ചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ എം സി എച് മുന്‍ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ഇന്ന് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിക്കും. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
കോഴിക്കോട് സ്വദേശിയായ ഹര്‍ഷിനയുടെ വയറ്റില്‍ പ്രവസ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പോലീസ്. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ കേസില്‍ അതിവേഗ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് സംഘം.

Latest News