Sorry, you need to enable JavaScript to visit this website.

പാലിയേക്കരയിലെ ടോളില്‍ വീണ്ടും മാറ്റം; ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നല്‍കണം

തൃശൂര്‍- പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല.
ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധനയുണ്ട്. കാര്‍, ജീപ്പ്, വാന്‍ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപയുമാണ് നിരക്ക്.
മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ടോള്‍നിരക്ക് 150 രൂപയും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് 300 രൂപയുമാണ്. രാജ്യത്തെ ഓരോ വര്‍ഷത്തെയും പ്രതിശീര്‍ഷ ജീവിത നിലവാര സൂചികക്ക് അനുപാതമായാണ് മണ്ണൂത്തി  ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍നിരക്ക് പരിഷ്‌കരിക്കുന്നത്.
സുരക്ഷാ ഓഡിറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കരാര്‍ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെയും പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം തടയാനാകാതിരുന്നത് സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു. ടോള്‍നിരക്ക് വര്‍ധനവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കരാര്‍ കമ്പനിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Latest News