ജോഹന്നാസ്ബർഗ് - ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വൻ തീപിടിത്തം. അഭയാർത്ഥികൾ താമസിച്ച സിഡിബിയിലെ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് കുട്ടികൾ ഉൾപ്പെടെ 74 പേർ മരിച്ചതായാണ് റിപോർട്ട്. പൊള്ളലേറ്റ അമ്പതിലേറെ പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്.
അനധികൃതമായി കൈവശം വച്ചിരുന്ന, അഭയാർത്ഥികളെ പാർപ്പിച്ച കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ പല തവണ ഒഴിപ്പിക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അഭയാർത്ഥികളെ കൂടാതെ ഏകദേശം 15000-ത്തോളം ഭവനരഹിതരും താമസിക്കുന്ന സ്ഥലമാണ് ജോഹന്നാസ്‌ബെർഗ്. നേരത്തെയും പലതവണ ഇവിടെ തീപിടുത്തമുണ്ടായിട്ടുണ്ട്. തീപിടുത്തമുണ്ടായ സ്ഥലം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമോഫാസ സന്ദർശിച്ചു.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എമർജൻസി മാനേജ്‌മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്‌സി പറഞ്ഞു.