റിയാദ്- മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, തബൂക്ക് എന്നീ പ്രവിശ്യകളിൽ ഷോപ്പിംഗ് മാൾ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ പ്രവിശ്യാ സൗദിവൽക്കരണ വിഭാഗം മേധാവി എൻജിനീയർ സഅദ് അൽഗാംദി പറഞ്ഞു. ഒമ്പതു പ്രവിശ്യകളിൽ മാൾ സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. പലവിധ കാരണങ്ങളാൽ വൻകിട പ്രവിശ്യകളിൽ മാൾ സൗദിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.
ഷോപ്പിംഗ് മാൾ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ആവശ്യമായ പിന്തുണകളും സഹായങ്ങളും നൽകുന്നതിന് ഒമ്പതു പ്രവിശ്യാ ഗവർണറേറ്റുകളുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരുന്നു. ഈ പ്രവിശ്യകളിൽ മാൾ സൗദിവൽക്കരണം പ്രതീക്ഷിച്ചതിൽ കൂടുതൽ വിജയകരമായിരുന്നു. അൽഖസീം പ്രവിശ്യയിലാണ് മാൾ സൗദിവൽക്കരണ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഇവിടുത്തെ എട്ടു മാളുകളിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിന് സാധിച്ചു. ശുചീകരണ ജോലികൾ പോലെ ചില തൊഴിലുകൾ മാൾ സൗദിവൽക്കരണ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ലക്ഷ്യമിടുന്നില്ല. ഏതാനും പ്രവിശ്യകളിൽ നടപ്പാക്കിയ മാൾ സൗദിവൽക്കരണ പദ്ധതി വൻ വിജയമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ പദ്ധതി എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. മാളുകളിലെ റെസ്റ്റോറന്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബേക്കറികൾ പോലുള്ള സ്ഥാപനങ്ങളിൽ പോലും 99 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതികൾ പ്രവിശ്യാ സൗദിവൽക്കരണ കമ്മിറ്റികളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ കമ്മിറ്റികളും നിരീക്ഷിക്കുകയും പതിവായി റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ പ്രവിശ്യകളിലെയും തൊഴിൽ വിപണികളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പഠനങ്ങളും പ്രവിശ്യാ ഗവർണറേറ്റുകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമർപ്പിക്കുന്നുണ്ട്. സൗദിവൽക്കരിക്കുന്നതിന് സാധിക്കുന്ന തൊഴിലുകൾ മന്ത്രാലയം നിർണയിക്കുന്നുണ്ട്. ഓരോ പ്രവിശ്യകളുടെയും പ്രത്യേക സാഹചര്യങ്ങളും സൗദിവൽക്കരിക്കുന്നതിന് അനുയോജ്യമായ തൊഴിലുകളും ഈ തൊഴിലുകൾ നിർവഹിക്കുന്നതിന് ആവശ്യമായ ഉദ്യോഗാർഥികളുടെ ലഭ്യതയും മറ്റും പഠിച്ചാണ് പ്രവിശ്യാ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി ഓരോ പ്രവിശ്യകളിലും സൗദിവൽക്കരിക്കേണ്ട തൊഴിൽ മേഖലകൾ നിർണയിക്കുന്നത്.
ബിനാമി ബിസിനസ് പ്രവണത കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനാണ്. ബിനാമി പ്രവണത ശക്തമായ ചെറുകിട, ഇടത്തരം മേഖലകളിൽ ബിനാമി അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. ബിനാമി ബിസിനസ് പ്രവണത സൗദിവൽക്കരണ പദ്ധതിക്ക് വലിയ പ്രതിബദ്ധമാണെന്നും എൻജിനീയർ സഅദ് അൽഗാംദി പറഞ്ഞു.