Sorry, you need to enable JavaScript to visit this website.

മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസ്: പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സമരം ഇരിക്കുമെന്ന് അതിജീവിത

കോഴിക്കോട് - മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ പ്രതി അറ്റൻഡർ ശശീന്ദ്രനെതിരായ വകുപ്പുതല നടപടി അന്തിമ ഘട്ടത്തിലേക്ക്. 
നിലവിൽ സസ്‌പെൻഷനിലുള്ള പ്രതിക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നോട്ടീസ് നൽകുകയും ഇയാൾ സമർപ്പിച്ച മറുപടി  അടക്കം മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു എന്നാണ് വിവരം.  കഴിഞ്ഞ മാസമാണ് പ്രതി രണ്ടു തവണകളിലായി നൽകിയ മറുപടി അടക്കം  മെഡിക്കൽ കോളജ് അധികൃതർ ഡയരക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.  സസ്‌പെൻഷനിലായ പ്രതിയുടെ കാര്യത്തിൽ ആറു മാസത്തിനകം തീരുമാനം എടുക്കണം. അല്ലെങ്കിൽ പ്രതിയുടെ സസ്‌പെൻഷൻ കാലവാധി  നീട്ടേണ്ടിവരും.  ഈ സാഹചര്യത്തിലാണ് നടപടി  ക്രമങ്ങൾ ഊർജിതമാക്കുന്നത്. കേസിൽ പ്രതിക്കെതിരേ പോലീസ് കുന്ദമംഗലം  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി  മെഡിക്കൽ കോളജിൽ എത്തി സാക്ഷികളെ അടക്കം  സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ആരോപണം  ഉണ്ട്. 
അതേസമയം കേസിൽ നീതി വൈകുന്ന പക്ഷം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ  സമരമിരിക്കുമെന്ന് അതിജീവിത അറിയിച്ചു. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ജീവനക്കാർക്കെതിരായ അന്വേഷണ റിപ്പോർട്ട് അടക്കമുള്ള ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.  ആരോഗ്യമന്ത്രിയും ഡി.എം.ഇയും കൂടെയുണ്ടെന്ന് വാക്കാൽ പറയുകയല്ലാതെ  മുൻ പ്രിൻസിപ്പലിനും  താൻ നൽകിയതിൽ നിന്ന് വിരുദ്ധമായി പോലീസിന് മൊഴി നൽകി  ഡോ. പ്രീതിക്കെതിരേയും  ഇതു വരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  ഈ സാഹചര്യത്തിൽ ഊ മാസം നാലു മുതൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ സമരം ഇരിക്കുമെന്നും അതിജീവിത അറിയിച്ചു.
 

Latest News