വാഷിംഗ്ടണ്‍- പ്ലേബോയ് മാഗസിന്‍ മോഡലായിരുന്ന കരേന്‍ മക്ഡൗഗലിന്റെ ആത്മകഥയുടെ പകര്‍പ്പവകാശം വാങ്ങുന്നതിന് പണം നല്‍കുന്നതു സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിഭാഷകനുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സി.എന്‍.എന്‍ പുറത്തുവിട്ടു. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടു മാസം മുമ്പ് മുന്‍ അറ്റോര്‍ണി ജനറല്‍ മൈക്കല്‍ കോഹനാണ് രഹസ്യമായി സംഭാഷണം ടേപ്പ് ചെയ്തത്. ഈയിടെ കോഹന്റെ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ എഫ്.ബി.ഐ ഈ ടേപ്പ് പിടിച്ചെടുത്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ട്രംപിന്റെ മുന്‍ അഭിഭാഷകനായ മൈക്കിള്‍ കോഹനാണ് സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്തത്. ബിസിനസ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോഹന്‍ എഫ്.ബി.ഐ അന്വേഷണം നേരിടുകയാണ്. ഇതിനു പുറമെ മോഡലിനെ ഒതുക്കാന്‍ പണം നല്‍കിയത് തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കോഹനെ ഇതുവരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തിട്ടില്ല.
2006 ല്‍ തനിക്ക് ട്രംപുമായി ഒരു മാസത്തോളം നീണ്ട ബന്ധമുണ്ടായിരുന്നുവെന്ന് പ്ലേബോയ് മാഗസിന്‍ മുന്‍ മോഡല്‍ കരേന്‍ മക്ഡൗഗല്‍ വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ഭാര്യ മിലേനിയയുടെ പ്രസവം കഴിഞ്ഞ സമയത്തായിരുന്നു അത്.






