Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രക്ഷോഭം: തങ്ങൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ

തിരുവനന്തപുരം - പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ കോഴിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത 7 കേസുകളും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മറ്റു 833 കേസുകളും പിൻവലിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. 

കേരളത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ നാടിനെയും ജനങ്ങളെയും ബാധിക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളിലും നിലപാടുകൾ വ്യക്തമാക്കുകയും നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തതാണ് ഞങ്ങളുടെ ഇന്നലകൾ . 

രാജ്യം ഉയർത്തുപ്പിടിക്കുന്ന മതേതര മൂല്യങ്ങളെയും തുല്യ നീതി സങ്കൽപ്പത്തെയും വെല്ലുവിളിക്കുകയും ജാതിമതസമുദായ വിവേചനമില്ലാത്ത പൗരത്വം എന്ന ഭരണഘടന കാഴ്ചപ്പാടിനെ  ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ നിർമ്മാണമായിരുന്നു പൗരത്വ നിയമ ഭേദഗതി. ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന് മേൽ വിവേചനം അടിച്ചേൽപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിന്റെ ഭാഗമായാണ് പൗരത്വ പ്രക്ഷോഭത്തിൽ ഞങ്ങൾ ഐക്യപ്പെട്ടത്. 
എന്നാൽ സമാന നിലപാട് പുലർത്തുന്നു എന്നവകാശപ്പെട്ട കേരള സർക്കാർ ഇതിന്റെ പേരിൽ ഞങ്ങൾക്കെതിരെ കേസെടുത്ത നടപടി കടുത്ത അന്യായമാണ്. രാജ്യത്ത് വംശീയ ഉന്മൂലനവുമായി മുന്നേറുന്ന ആർ.എസ്.എസിന്റെ അജണ്ടകളെ ചെറുത്തു തോൽപ്പിക്കൽ സംഘ്പരിവാർ വിരുദ്ധ പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ബാധ്യതയാണ്. 

ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ ബഹുജന ഐക്യനിര കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങളെ അടിച്ചമർത്തുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ അന്യായമായി കേസുകളെടുത്ത ഇടതു സർക്കാർ നിലപാട് യഥാർഥത്തിൽ പൗരത്വ പ്രക്ഷോഭത്തെ വഞ്ചിക്കുന്നതാണ്. 

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടൻ തന്നെ പിൻവലിക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ 60 ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചത്. കേരളത്തിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അക്രമങ്ങളോ സംഘർഷങ്ങളോ ഗുരുതരമായ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിട്ടും കേസുകൾ ചുമത്തുകയും വൻ തുക പിഴയായി ഈടാക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. 

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും, മറുവശത്ത് പ്രസ്തുത നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ അനാവശ്യമായി കേസെടുക്കുകയും ചെയ്യുന്നത് സത്യസന്ധത ഇല്ലായ്മയാണ്. അന്തരിച്ച ടി.പീറ്ററെയും പ്രതിയാക്കിയാണ് കേസ് മുന്നോട്ട് പോകുന്നത് . ഈ കേസുകളുടെ പേരിൽ നിരവധി പേരുടെ പാസ്‌പോർട്ടുകളടക്കം തടഞ്ഞ് വെച്ചിരിക്കുകയാണ്. പലരുടെയും തൊഴിൽ സാധ്യകളെ വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

പൗരത്വ നിയമ ഭേദഗതിയോട് ആത്മാർത്ഥമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങളടക്കമുള്ള നൂറുകണക്കിന് പേർക്കെതിരെ പോലീസ് ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് ഞങ്ങൾ ആവശ്യപ്പെടുന്നു.

ജെ. ദേവിക, പി.എ പൗരൻ, ഗ്രോ വാസു, എൻ. പി ചെക്കുട്ടി, അംബിക പി, ഹമീദ് വാണിയമ്പലം, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ. അംബുജാക്ഷൻ, കെ. കെ ബാബുരാജ്, തുളസീധരൻ പള്ളിക്കൽ, മുരളി നാഗ, സജിമോൻ കൊല്ലം, സതീഷ് കുമാർ, എം. എൻ രാവുണ്ണി, ഡോ. നഹാസ് മാള, ജി. ഗോമതി, അഡ്വ. ഷാനവാസ് ഖാൻ, അഡ്വ എ. എം. കെ നൗഫൽ, സാലിഹ് കോട്ടപ്പള്ളി, ഒ. പി രവീന്ദ്രൻ, ഹാഷിം ചേന്ദാംപ്പള്ളി, ബി. എസ് ബാബുരാജ്, പ്രൊഫ ജി. ഉഷാകുമാരി, പ്രശാന്ത് സുബ്രഹ്മണ്യം, വിപിൻദാസ്, എ. എസ് അജിത് കുമാർ, അഡ്വ. നന്ദിനി, എം താജുദ്ദീൻ, കെ. എഫ് മുഹമ്മദ് അസ്‌ലം മൗലവി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. 
 

Latest News