Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവോണം: മനസ്സിൽ സ്‌നേഹത്തിന്റെ പൂക്കളങ്ങൾ

തിരുവോണമാണ്. നാളെ ഉച്ചക്ക് അവിടെ എത്തിയിരിക്കണം, ഉത്രാടപ്പാച്ചിൽ ദിനത്തിൽ ആദ്യം കേൾക്കുന്ന ക്ഷണം. അങ്ങാടിയിൽ നിന്നും പച്ചക്കറിയും സാധനങ്ങളും വാങ്ങി തൂക്കിപ്പിടിച്ച സഞ്ചിയുമായി ഉമ്മറത്തു കൂടെ നടന്നു പോകുന്ന രാമൻ നായർ അച്ചാച്ചൻ, വീടിന്റെ പടിക്കലെത്തിയാൽ എന്നെ കണ്ട് വിളിച്ചു പറയുന്നതാണ്.
കുറച്ചു കഴിഞ്ഞാൽ മനോഹരേട്ടൻ വന്ന് വിളിക്കും, എവിടെ മുജീബ്.. അപ്പോൾ ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്ന വല്ലിമ്മ പറയും, ഓണസദ്യ കഴിക്കാൻ മുജീബിനെയേ വിളിക്കൂ അല്ലേ.. ചിരിച്ചുകൊണ്ട് മനോഹരേട്ടൻ പറയും, നിങ്ങൾക്ക് കുറച്ചു പായസമല്ലേ വേണ്ടൂ. അത് ഞാനിവിടെ എത്തിക്കാം. അവൻ അങ്ങനെ അല്ലല്ലോ. വലുതായി വരുന്ന കുട്ടിയല്ലേ.
ഇതിനൊക്കെ മുന്നെ  തൊട്ടടുത്ത മാനംകണ്ടത്തെ കല്യാണി അമ്മ ഹംസയോടും മുസീബിനോടും ഊണ് കഴിക്കാൻ വരണമെന്ന് വലിയുമ്മയോട് പറഞ്ഞുവെച്ചിട്ടുണ്ടാകും. ഹംസ എന്ന് പറയുന്നത് ഉപ്പയാണ്. പ്രായമായതുകൊണ്ട് എന്നെ മുസീബ് എന്നാണ് വിളിക്കാറ്.
ചുരുക്കത്തിൽ ഓണം വന്നാൽ സദ്യവട്ടങ്ങൾ ഇഷ്ടാനുസരണം കിട്ടിയിരുന്നു എന്ന് പറയാം. അതിൽ രാമൻ നായർ അച്ചാച്ചനും കല്യാണി അമ്മയും എന്റെ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും അവർ തന്നിരുന്ന സ്‌നേഹം ചെറുതല്ല. കുഞ്ഞുന്നാളുകളിലെ ഓണാഘോഷം എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.
രാമൻ നായരുടെ മക്കളിൽ ഒരാൾ എന്റെ ബാല്യകാല സുഹൃത്താണ്. കുട്ടിക്കാലം മുതൽ കളിച്ചു വളർന്ന ആ ബന്ധം ഇന്നും വലിയൊരു സാഹോദര്യ ബന്ധത്തോടെ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണം വന്നാലും പെരുന്നാൾ വന്നാലും രണ്ട് പേരും ഓരോ വീടുകളിലെയും അടുക്കളയിൽ എന്താ ഉള്ളത് എന്നന്വേഷിച്ചു ചെല്ലും. അത്ര സ്‌നേഹമാണ് പരസ്പരം വീട്ടുകാരും.


രാവിലെ പൂപറിക്കാൻ പോകുന്ന ലതേച്ചിയും അനിതേച്ചിയും.  അവർക്കൊപ്പം ചിലപ്പോഴൊക്കെ ഞങ്ങളും കൂടും. അത്തം തൊട്ട് ഓണം വരെയുള്ള പലരുടെയും പൂവിളിയിൽ ഞങ്ങളും കൂടും. പാടത്തെ നെൽവരമ്പിന് മീതെ ഞങ്ങളെ കാത്തുനിൽക്കുന്ന മുക്കുറ്റിപ്പൂവ്, തോടിന്റെ വഴിയോരത്തും വീട്ടുവളപ്പിലും കാണുന്ന ചെമ്പരത്തിപ്പൂവ്.. ഇവയെല്ലാം പറിച്ച് ചേമ്പിന്റെ ഇല താളിൽ നിറയുന്നത് വരെ ഓടി നടന്ന് പൂപറിച്ചും പൂവിളിച്ചും തിരുവോണ നാൾ വരെ അത് തന്നെ വലിയൊരു ആഘോഷമാക്കും.
തിരുവോണ ദിനമെത്തിയാൽ രാവിലെ തന്നെ തൊട്ടടുത്ത വീടുകളിൽ നിന്നും കിട്ടുന്ന അവിലും ചെറുപഴവും, നേന്ത്രപ്പഴം പുഴുങ്ങിയതുമെല്ലാം കഴിച്ച് ഉച്ചക്കുള്ള ഊണിനുള്ള കുറച്ചു സ്ഥലം അവിടെ ബാക്കിവെക്കും.
തിരുവോണ നാളിൽ ശിവന്റെ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്ന ഉണ്ണിയുടെ അമ്മ അമ്മിണി അമ്മയും ലതേച്ചിയും അനിതേച്ചിയും ആ തോട്ടുവരമ്പിൽ നിന്നുകൊണ്ട് തന്നെ നിർബന്ധിച്ചു പറയും ഉച്ചക്ക് ഊണിന് എത്തണം എന്ന്. വന്നില്ലെങ്കിൽ നിന്റെ ഇല ബാക്കിയാകും അതുകൊണ്ട് അവിടെ വന്ന് ഊണ് കഴിച്ചിട്ടേ മറ്റെവിടേക്കും പോകാവൂ എന്ന് ലതേച്ചി പ്രത്യേകം പറയും.
ഉച്ചക്കുള്ള ഒരുക്കങ്ങളും പുറപ്പാടും കണ്ടാൽ വീട്ടിലുള്ള ഉമ്മയും വലിയുമ്മയും ചോദിക്കും, ഇന്ന് എങ്ങോട്ടാണ് ആദ്യം പോകുന്നത് എന്ന്..  ഉടനെ പറയും ആരിയാംകുന്ന്.. അപ്പോൾ മറ്റുള്ളവർ വിളിച്ചതല്ലേ..  അവിടെയും പോകും. ചുരുക്കം പറഞ്ഞാൽ ആരിയംകുന്നിൽ പോയി വയറ് നിറയെ ഉണ്ടാൽ പിന്നെ എങ്ങോട്ടും പോകാൻ തോന്നില്ല. എന്നാലും മറ്റുള്ളിടത്തൊക്കെ പോയി പായസം കുടിച്ച് പോരുന്ന ശീലവും വീട്ടിലേക്ക് പോരുമ്പോൾ ഒരു തൂക്കുപാത്രത്തിലാക്കി വല്ലിമ്മക്കും ഉപ്പാക്കും ഉമ്മാക്കും ഉള്ളതാണ് എന്നൊക്കെ പറഞ്ഞ്് അവർ തരുമ്പോൾ ആ തൂക്കുപാത്രം കൊണ്ട് വീട്ടിലേക്ക് മടങ്ങും.
ഉണ്ണിയുടെ വീട്ടിൽ ഞാൻ ചെന്നേ അവരും ഊണ് കഴിക്കാറുള്ളൂ. ഊണിനിരുന്നാൽ തൊട്ടടുത്ത് അച്ചാച്ചനും ഉണ്ണിയും പിന്നെ ചേച്ചിമാരും അമ്മയും കൂടി ഇരുന്ന് കഴിക്കുമ്പോൾ അച്ചാച്ചൻ പറയും: അമ്മിണിയേയ് മുജീബിന് ഇട്ട് കൊടുക്ക്, അപ്പോൾ അമ്മിണിയമ്മ പറയും, അവൻ നിങ്ങളുടെ അടുത്തല്ലേ ഇരിക്കുന്നത്. നിങ്ങളങ്ങാട്ട് ഇട്ട് കൊടുക്കൂ എന്ന്. ഉടനെ തന്നെ അച്ചാച്ചൻ പറയും. അല്ലെങ്കിലും അവനെന്തിനാ നമ്മൾ ഇട്ടു കൊടുക്കുന്നത്, അവൻ ഈ വീട്ടിലെ അംഗമല്ലേ...? ഇതെല്ലാം കേട്ട് ചിരിക്കുന്ന ചേച്ചിമാർ പറയും അപ്പോൾ നിങ്ങടെ ഉണ്ണിയോ? അവൻ വേണമെങ്കിൽ കഴിച്ചോട്ടെ..
ഊണ് കഴിഞ്ഞാൽ പിന്നെ അച്ചാച്ചന്റെ മറ്റൊരു ചോദ്യം. അല്ല ഇന്ന് ഇനി എങ്ങോട്ടാ രണ്ട് പേരും കൂടി? ഏയ് എങ്ങോട്ടുമില്ല എന്ന് പറഞ്ഞാൽ ആ അറിയാം ഏതെങ്കിലും സിനിമക്കുള്ള പ്ലാൻ ഉണ്ടാകുമല്ലോ.. നടക്കട്ടെ, നടക്കട്ടെ.. എന്ന് പറയും. അപ്പോൾ അതിനുള്ള സമ്മതവുമായി. എന്നാലും അന്ന് ഞങ്ങൾ പോകാറില്ല, കാരണം പല ഓണാഘോഷങ്ങളും നടക്കുന്നതുകൊണ്ട് ഞങ്ങൾ അവിടെയൊക്കെ ഒന്നെത്തിപ്പെടാൻ നോക്കും. വൈകുന്നേരമായാൽ രണ്ട് പേരും രണ്ട് വഴിക്ക് തിരിയും. പിറ്റേ ദിവസം ഏതെങ്കിലും ഒരു സിനിമ കണ്ടേ മതിയാകൂ. ചിലപ്പോൾ കൂട്ടിന് സുരേഷും ഉണ്ടാകും,  ഞങ്ങൾ മൂന്ന് പേരും കൂടി സുരേഷിന് അറിയാവുന്ന ടാക്കീസ് തെരഞ്ഞു കൊണ്ട് പട്ടാമ്പിയിലേക്കോ ഷൊർണൂർക്കോ ബസ് കയറും. അങ്ങനെ അന്നത്തെ ദിവസവും കഴിയും. മൂന്നാം ദിവസം എങ്ങോട്ടും പോകാനില്ലെങ്കിൽ പാടത്തും പറമ്പിലുമായി തട്ടിത്തടഞ്ഞ് നടക്കും. ഇതൊക്കെ കണ്ട ചേച്ചിമാർ ചോദിക്കും ഇന്നെങ്ങോട്ടും യാത്ര ഇല്ലേ എന്ന്.. സത്യം പറഞ്ഞാൽ കൈയിലുള്ള കാശ് തീർന്നു കാണും. പിന്നെങ്ങോട്ട് പോകാൻ. അത് കണ്ടറിഞ്ഞ ലതേച്ചി അമ്മയിൽ നിന്നും അതിനുള്ള പരിഹാരം കാണും. തികയാത്തത് ഞാൻ വലിയമ്മയുടെ കോന്തലയിൽ നിന്നും അഴിച്ചു കൈക്കലാക്കും. വീണ്ടും ഞങ്ങൾ മറ്റേതെങ്കിലും ടാക്കീസ് തെരഞ്ഞു പോകും. അങ്ങനെ ഓരോ ഓണനാളുകളും കഴിച്ചുകൂട്ടും.
ആ വീട്ടിൽ നിന്നും അച്ചാച്ചൻ വിട പറഞ്ഞപ്പോൾ വലിയൊരു ശൂന്യതയാണ് അനുഭവപ്പെട്ടത്. അമ്മ മക്കളോടൊപ്പവും ഉണ്ണി മറ്റൊരു ജോലി സ്ഥലത്തും ആയതുകൊണ്ട് ആ വീടും സ്ഥലവും ഒറ്റപ്പെട്ടതായി തോന്നി. നാട്ടിൽ ചെന്നാൽ തൊട്ടടുത്തുള്ള ആരിയംകുന്ന് കുളത്തിന്റെ അവിടെ കുറച്ചുനേരം പോയിരിക്കും, പഴയ കാര്യങ്ങളൊക്കെ അയവിറക്കും. ഉണ്ണി ചിലപ്പോഴൊക്കെ ആ വീട്ടിൽ വന്ന് താമസിക്കുമ്പോൾ അവിടെ വരുന്ന ദിവസം എന്നെ വിളിച്ചറിയിക്കും. ഞാൻ നാട്ടിലുണ്ടെങ്കിൽ അവൻ എന്നെ കണ്ടാൽ പിന്നെ കുറെ പറയാനുണ്ടാകും. കഴിഞ്ഞ വെക്കേഷൻ സമയത്തും ഞങ്ങൾക്ക് കുറെ പറയാനുണ്ടായിരുന്നു. വീടിന്റെ ഉമ്മറത്ത് കൂടെ പോകുമ്പോൾ എന്റെ വിശേഷം അന്വേഷിക്കാതെ പോകാറില്ല എന്ന് വീട്ടുകാരിയും പറയും.
എത്ര കഴിഞ്ഞാലും കുഞ്ഞുന്നാളിൽ ആഘോഷിച്ച ഓണാഘോഷങ്ങൾ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. സ്‌നേഹവും സന്തോഷവും സംതൃപ്തിയും ഈ തിരുവോണ ദിനത്തിലും ഇനിയും വരാൻ പോകുന്ന ഓണനാളുകളിലൊക്കെ എല്ലാവർക്കും നന്മ നിറഞ്ഞതാകട്ടെ.

Latest News