വിമാന സർവീസ് സേവനദാതാക്കൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളിൽനിന്ന് യാത്രക്കാരെ സംരക്ഷിച്ചും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ അവർക്കു നൽകിയും വിമാന യാത്രികരുടെ യാത്രാനുഭവം മികവുറ്റതാക്കുക എന്നതാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ നിമയത്തിൽ പ്രതിഫലിക്കുന്നത്. ഇതേക്കുറിച്ച് യാത്രക്കാരായ നാം കൂടുതൽ അവബോധം ഉള്ളവരായിരിക്കുകയും ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉൾപ്പെടെ നമുക്ക് അവകാശപ്പെട്ടതെല്ലാം പിടിച്ചുവാങ്ങാനുള്ള ആർജവം കാണിക്കുകയും വേണം.
പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനാഡി പോലെയാണ് വിമാന യാത്ര. വിദേശത്ത് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കുമെല്ലാം വിമാന യാത്ര ഒഴിവാക്കാനാവില്ല. വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യ ഉറവിടം പ്രവാസികളാണ്. എന്നിരുന്നാലും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ സമയത്തിന് വില കൽപിക്കുന്നതിലും പല വിമാനക്കമ്പനികളും, പ്രത്യേകിച്ച് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിലെ വിമാനക്കമ്പനികൾ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇതു ശ്രദ്ധിക്കേണ്ടവരും നിയന്ത്രിക്കേണ്ടവരുമായ ഭരണകർത്താക്കളാവട്ടെ ഇക്കാര്യത്തിൽ ഇന്നുവരേക്കും ശ്രദ്ധേയമായ ഒരു ചുവടുവെപ്പും നടത്തിയതായും കാണുന്നില്ല. യാത്രക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കു കുറവില്ല. പക്ഷേ, അതു പ്രായോഗിക തലത്തിൽ വരാറില്ല. ഇതിന്റെ ഫലമായി വിമാനക്കമ്പനികൾ തോന്നിയ പോലെ നിരക്ക് വർധിപ്പിച്ചും തോന്നിയ പോലെ സർവീസ് നടത്തിയും പ്രവാസികളെ വട്ടംകറക്കുകയാണ്. ഇതിനു കൂച്ചുവിലങ്ങിടാൻ ആർജവമുള്ള ഭരണ നേതൃത്വം തയാറാവാത്തിടത്തോളം ഇതു തുടരും. എന്നാൽ ഇക്കാര്യത്തിൽ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന സമീപനം ഏറെ വ്യത്യസ്തമാണ്. യാത്രക്കാരുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതിനും വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാവുന്ന വീഴ്ചക്ക് മതിയായ നഷ്ടപരിഹാരം അവർക്കു ലഭിക്കുന്നതിനും സഹായകമായ നിയമങ്ങൾ ഉണ്ടെങ്കിലും ഭേദഗതിയോടെ അതൊന്നു കൂടി കടുപ്പിച്ചിരിക്കുകയാണ്. ഏറെ ശ്രദ്ധേയമായ ഒരു കാൽവെപ്പാണിത്. രാജ്യത്തെ വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രൂപപ്പെടുത്തിയ പുതിയ നിയമാവലി ഏറെ ആകർഷകമാണ്. വരുന്ന നവംബർ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം വിമാന യാത്രക്കാരന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഉപഭോക്താവാണ് രാജാവ് എന്ന ചൊല്ല് അന്വർഥമാക്കുംവിധം ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് നിയമം കർക്കശമാക്കിയിരിക്കുകയാണ്.
2030 ഓടെ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി സൗദി അറേബ്യയെ മാറ്റുകയാണ് സൗദിയുടെ ലക്ഷ്യം. പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും കാർഗോ ശേഷി 45 ലക്ഷം ടൺ ആയും സൗദി വിമാനത്താവളങ്ങളിൽനിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും ഉയർത്തുകയാണ് ഉദ്ദേശ്യം. അതു സാധ്യമാകണമെങ്കിൽ വിമാനക്കമ്പനികളെ വരുതിക്കു നിറുത്തേണ്ടതുണ്ട്. അതിനനുഗുണമായ രീതിലാണ് നിയമ മാറ്റം. വളരെ ദീർഘവീക്ഷണത്തോടെയാണ് ഓരോ ചുവടുവെക്കുന്നതെന്നതും അതു നടപ്പാക്കാനുള്ള ആർജവമുള്ള ഭരണ നേതൃത്വം ഉണ്ടെന്നതും സൗദി അറേബ്യയെ ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. സൗദിയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ മാറ്റവും പരിശോധിച്ചാൽ ഇതു കാണാനാവും.
സർവീസിന് കാലതാമസം നേരിടൽ, നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് മൂലം സീറ്റ് നിഷേധം, സീറ്റ് ക്ലാസ് തരംതാഴ്ത്തൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പരിചരണവും സുരക്ഷയും നഷ്ടപരിഹാരവും ഉറപ്പു വരുത്തുന്ന 30 വകുപ്പുകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം ഉണ്ടായാൽ യാത്രക്കാർക്ക് വിമാന കമ്പനികൾ 750 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകണമെന്നതാണ് നിയമത്തിലെ ആകർഷകമായ ഒരു കാര്യം. നിലവിലുള്ള നിയമ പ്രകാരം യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാനക്കമ്പനികൾ നൽകണമെന്ന് വ്യവസ്ഥയുണ്ട്. അതു നിലനിർത്തിക്കൊണ്ടാണ് 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുള്ളത്.
നിലവിലെ നിയമമനുസരിച്ച് സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുക നഷ്ടപരിഹാരമായി നൽകണമെന്നാണ് വ്യവസ്ഥയെങ്കിൽ പുതിയ നിയമ പ്രകാരം മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിനനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. നേരത്തെ ടിക്കറ്റ് എടുത്തവരെ ഒഴിവാക്കി അമിത ടിക്കറ്റ് നിരക്ക് ഈടാക്കി ഇഷ്ടക്കാരെ കുത്തിത്തിരുകി ഓവർബുക്കിംഗ് നടത്തുക ചില വിമാനക്കമ്പനികളുടെ പതിവു ശൈലിയാണ്. ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ഒരു സ്വകാര്യ വിമാന കമ്പനി ഇതാവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇതു മൂലം യാത്രക്കായി വിമാനത്താവളത്തിലെത്തുന്ന പലർക്കും മടങ്ങേണ്ടി വന്നിട്ടുണ്ട്. നിർബന്ധം പിടിക്കുന്നവരെ സകല ചട്ടങ്ങളും ലംഘിച്ച് വിമാനത്തിൽ നിറുത്തി യാത്ര ചെയ്യിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സമയം പാലിക്കാതിരിക്കൽ നിത്യസംഭവമാണ്. ഇത്തരക്കാർ ഇനി സൗദിയിൽവെച്ച് അതു ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കും. കാരണം ഓവർ ബുക്കിംഗ് മൂലം സീറ്റ് നിഷേധിക്കുകയോ ക്ലാസ് തരംതാഴ്ത്തുകയോ ചെയ്താൽ ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമം അനുശാസിക്കുന്നതെങ്കിൽ പുതിയ നിയമ പ്രകാരം ടിക്കറ്റ് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.
ടിക്കറ്റ് ബുക്കിംഗ് നടത്തുന്നേരം പ്രഖ്യാപിക്കാത്ത സ്റ്റോപ്പ് ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന പക്ഷം പുതുതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ് ഓവറിനും 500 റിയാൽ വീതം നഷ്ടപരിഹാരം നൽകണം. വികലാംഗർക്ക് സീറ്റ് നിഷേധിച്ചാൽ ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുകയും വീൽചെയർ നിഷേധത്തിന് 500 റിയാലും നഷ്ടപരിഹാരം നൽകണം. ഇനി മുതൽ ബാഗേജ് നഷ്ടപ്പെട്ടാലും ലഭിക്കാൻ കാലതാമസം നേരിട്ടാലും പേടിക്കേണ്ടതില്ല. നഷ്ടപ്പെട്ടാൽ 6568 റിയാൽ നഷ്ടപരിഹാരമായി ലഭിക്കും. നിലവിൽ ഇത് 1750 റിയാൽ മുതൽ 5655 റിയാൽ വരെയാണ്. ലഗേജ് കാലതാമസത്തിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാൽ തോതിൽ പരമാവധി 6568 റിയാൽ വരെയും നഷ്ടപരിഹാരം ലഭിക്കും. പുതിയ നിയമാവലിയിലെ ഏറ്റവും ആകർഷകമായ മറ്റൊരു വ്യവസ്ഥ റൺവേയിൽ വിമാനം വൈകുമ്പോഴുള്ള നഷ്ടപരിഹാരമാണ്. നിലവിലെ നിയമത്തിൽ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളൊന്നുമില്ല. എന്നാൽ പുതിയ നിയമപ്രകാരം റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകിയാൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. മാത്രമല്ല, നഷ്ടപരിഹാരവും വ്യവസ്ഥ ചെയ്യുന്നു. ചില വേളകളിൽ എ.സി പോലും ഇല്ലാതെ മണിക്കൂറുകളോളം യാത്രക്കാരെ വിമാനത്തിൽ ഇരുത്താറുണ്ട്. പുറത്തിറങ്ങാനൊട്ടു സമ്മതിക്കുകയുമില്ല. ഇനി മുതൽ മൂന്നു മണിക്കൂർ കഴിഞ്ഞാൽ നിങ്ങളുടെ അവകാശം ചോദിച്ചു വാങ്ങാം. അനുവദിച്ചില്ലെങ്കിൽ വിമാനക്കമ്പനിക്കെതിരെ പരാതിപ്പെടാം.
വിമാന സർവീസ് സേവനദാതാക്കൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളിൽനിന്ന് യാത്രക്കാരെ സംരക്ഷിച്ചും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ അവർക്കു നൽകിയും വിമാന യാത്രികരുടെ യാത്രാനുഭവം മികവുറ്റതാക്കുക എന്നതാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ നിമയത്തിൽ പ്രതിഫലിക്കുന്നത്. ഇതേക്കുറിച്ച് യാത്രക്കാരായ നാം കൂടുതൽ അവബോധം ഉള്ളവരായിരിക്കുകയും ഇത്തരം സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉൾപ്പെടെ നമുക്ക് അവകാശപ്പെട്ടതെല്ലാം പിടിച്ചുവാങ്ങാനുള്ള ആർജവം കാണിക്കുകയും വേണം. എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ പരാതി കൊടുത്ത് അതിനു പിന്നാലെ പോയി പുലിവാലു പിടിക്കേണ്ടന്ന തോന്നൽ നാം മാറ്റിവെക്കണം. എങ്കിൽ മാത്രമായിരിക്കും വിമാനക്കമ്പനികളുടെ ചൂഷണവും നിരുത്തരവാദ സമീപനവും ഒഴിവാക്കാൻ സാധിക്കൂ. താഴെ തട്ടിലുള്ളവരിലേക്ക് ഈ സന്ദേശം കൈമാറാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ തയാറാവുകയും വേണം.






