ന്യൂദല്‍ഹി- എയര്‍ ഏഷ്യ വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ആറു മാസം വളര്‍ച്ചെയത്തിയ ഭ്രൂണം വിമാന ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ പ്രസവിച്ചതാണെന്ന് വിമാനത്തിലുണ്ടായിരുന്ന 19 കാരി സമ്മതിച്ചു. ഗുവാഹത്തിയില്‍നിന്നുള്ള വിമാനം ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. തയ്‌ക്വോണ്ടോ അഭ്യാസിയായ യുവതി ഇന്ന് കോച്ചിനോടൊപ്പം ദക്ഷിണ കൊറിയയില്‍ പോകാനിരിക്കയായിരുന്നു. വിമാന ജോലിക്കാര്‍ ടോയ്‌ലെറ്റില്‍ പതിവ് പരിശോധന നടത്തിയപ്പോഴാണ് ടോയ്‌ലെറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. ഇംഫാലില്‍നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് മൂന്നരയോടെയാണ് ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. ഗുവാഹത്തിയില്‍നിന്ന് വിമാനത്തില്‍ കയറിയ 19 കാരി ചാപിള്ളയെ പ്രസവിച്ചതാണെന്ന് കരുതുന്നു. യുവതിയെ മെഡിക്കല്‍ പരിശോധനക്കയച്ചു. ഭ്രൂണം പോസ്റ്റ് മോര്‍ട്ടം നടത്തി.
ഗര്‍ഭിണിയാണെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്ന് കോച്ച് പോലീസിനോട് പറഞ്ഞു. വിമാനത്തില്‍ കയറുന്നതിനുമുമ്പ് പൂരിപ്പിച്ച രേഖകളിലും വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാ വനിതാ യാത്രക്കാരേയും ചോദ്യം ചെയ്ത ശേഷമാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യാ വക്താവ് പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ട ജോലിക്കാര്‍ ദല്‍ഹി പോലീസിനെ വിവരം അറിയിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയ ഡോക്ടര്‍ പരിശോധിച്ചശേഷം വിമാനത്തില്‍വെച്ച് തന്നെയാണ് പ്രസവം നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവം ഡി.ജി.സി.എക്ക് റിപ്പോര്‍ട്ട് ചെയ്തതായി എയര്‍ ഏഷ്യ അറിയിച്ചു. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും എയര്‍ ഏഷ്യ പ്രസ്താവനയില്‍ പറഞ്ഞു.